വിരാട് കോഹ്‌ലി, രോഹിത് ശർമ, ആർ. അശ്വിൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇതുമൂലം ക്രിക്കറ്റിന്റെ ജനപ്രീതി കുറയില്ലെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. താരങ്ങൾ വിരമിക്കുന്നത് ക്രിക്കറ്റിന്റെ ജനപ്രീതിയെ ഒരിക്കലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും കാണാനാണ് ആളുകൾ ക്രിക്കറ്റ് പിന്തുടരുന്നതെന്ന വാദം ശരിയല്ലെന്ന് സെവാഗ് പറഞ്ഞു. മുൻകാലത്തും സുനിൽ ഗവാസ്കർ, കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയ താരങ്ങൾ വിരമിച്ചപ്പോൾ സമാനമായ ആശങ്കകൾ ഉയർന്നിരുന്നുവെന്നും എന്നാൽ അതിന് ശേഷവും ആളുകൾ ക്രിക്കറ്റ് കാണുന്നത് തുടർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ആളുകൾ വിരാട് കോഹ്‌ലിക്കൊ രോഹിത് ശർമയ്‌ക്കോ വേണ്ടി മാത്രമാണ് ക്രിക്കറ്റ് കാണുന്നതെന്ന് പറയാറുണ്ട്. എന്നാൽ സുനിൽ ഗവാസ്കർ, കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ എന്നിവരുടെ കാര്യത്തിലും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നിട്ടും ആളുകൾ മുമ്പത്തെപ്പോലെ തന്നെ ഇപ്പോഴും ക്രിക്കറ്റ് കാണുന്നുണ്ട്. വാസ്തവത്തിൽ ഇപ്പോൾ കൂടുതൽ ആളുകൾ കാണുന്നുണ്ട്,” ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സെവാഗ് പറഞ്ഞു.
ക്രിക്കറ്റ് കാണാനുള്ള സൗകര്യങ്ങൾ കഴിഞ്ഞ കാലത്തേക്കാൾ വർധിച്ചതും ജനപ്രീതി ഉയരാൻ കാരണമായതായി സെവാഗ് ചൂണ്ടിക്കാട്ടി. മുമ്പ് മത്സരങ്ങൾ പ്രധാനമായും ടെലിവിഷനിലൂടെയായിരുന്നു കാണാനായിരുന്നതെങ്കിൽ ഇന്ന് മൊബൈൽ ഫോണുകളിലൂടെയും ക്രിക്കറ്റ് എളുപ്പത്തിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ വിരമിച്ചതിന് ശേഷം ക്രിക്കറ്റ് കാണാറില്ലെന്ന് ചില ആരാധകർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അത്തരം അവകാശവാദങ്ങൾ താൻ വിശ്വസിച്ചിട്ടില്ലെന്നും സെവാഗ് വ്യക്തമാക്കി. ക്രിക്കറ്റ് താരങ്ങൾ മാത്രമാണ് ഈ കായികരംഗത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നതെങ്കിൽ അത് വളരെ മുമ്പുതന്നെ നിലച്ചുപോയേനെയെന്നും അദ്ദേഹം പറഞ്ഞു.












