ഹൈദരാബാദ്: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ചതിന് തബ്ലീഗ് ജമാ അത്ത് നേതാവിനെതിരെ കേസെടുത്തു. തബ്ലീഗ് ജമാ അത്ത് പ്രാദേശിക നേതാവ് മുഹമ്മദ് ഇക്രം അലിക്കെതിരെയാണ് ഹബീബ് നഗര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേരെയാണ് അലി സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഒളിവിൽ താമസിപ്പിച്ചത്. ഹബീബ് നഗറിലെ മല്ലെപ്പള്ളി മര്‍ക്കസിലായിരുന്നു ഇവരെ അലി ഒളിവിൽ താമസിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
തെലങ്കാനയില്‍ അടക്കം വിവിധ സംസ്ഥാനങ്ങളിൽ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത ആളുകള്‍ തിരിച്ചെത്തിയതോടെയാണ് കൊവിഡ് വ്യാപനം വർദ്ധിച്ചത്. തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് സംസ്ഥാനത്ത് എത്തിയവരും, ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും സര്‍ക്കാരിനെ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം മറികടന്നാണ് ഇക്രം അലി ഇവരെ ഒളിവിൽ താമസിപ്പിച്ചിരുന്നത്.
ഇക്രം അലിയും വിദേശ പൗരന്മാരും ഉള്‍പ്പെടെ ഒന്‍പത് പേരെ ഹബീബ് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിന് ശേഷം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. അലിക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.










