കോവിഡ് മഹാമാരി നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി വീടുകൾ കയറിയിറങ്ങിയുള്ള പരിശോധന നടപ്പാക്കാൻ ബിഹാർ സർക്കാർ തയ്യാറെടുക്കുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രാഥമിക ഘട്ടത്തിൽ സിവാൻ,ബേഗുസരായി, നവാഡ, നളന്ദ എന്നീ ജില്ലകളിൽ ആയിരിക്കും സർക്കാർ ഈ പദ്ധതി നടപ്പിലാക്കുക. രോഗം റിപ്പോർട്ട് ചെയ്തതിൽ കൂടുതലും ഈ ജില്ലകളിലാണെന്നതിനാൽ ഇവിടെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. രോഗ ബാധിത പ്രദേശങ്ങളുടെ മൂന്ന് കിലോമീറ്റർ ചുറ്റളവ് വ്യാപന സാധ്യതയുള്ള കേന്ദ്രമായി പരിഗണിച്ച് ഊർജ്ജിത പരിശോധന നടത്തും. മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ പ്രത്യേക പരിശോധനകളും കരുതലും ഉണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.









