ന്യൂഡൽഹി:ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നവർക്ക് കൃത്യമായ നിർദ്ദേശങ്ങളുമായി ഇന്ത്യൻ ആർമി.ലീവ് കഴിഞ്ഞ് മടങ്ങുന്ന സൈനികരെ ജോലിസ്ഥലത്ത് എത്തിക്കാൻ പ്രത്യേക ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നതിനു ശേഷമാണ് സൈന്യം നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.ഇതിനോടനുബന്ധിച്ച് മുഴുവൻ സൈനിക ഉദ്യോഗസ്ഥരെയും പച്ച, മഞ്ഞ, ചുവപ്പ് എന്നീ ഗ്രൂപ്പുകളാക്കി തരംതിരിച്ചിട്ടുണ്ട്.14 ദിവസത്തെ ക്വാറന്റൈൻ പീരിയഡ് മുഴുവനാക്കിയവർ പച്ച ഗ്രൂപ്പിലും, ഇപ്പോഴും ക്വാറന്റൈനിൽ ഉള്ളവർ മഞ്ഞ ഗ്രൂപ്പിലും,കോവിഡ് 19 ന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ചുവപ്പ് ഗ്രൂപ്പിലും ഉൾപ്പെടുന്നു.തരം തിരിച്ചതിനനുസരിച്ച് ഇപ്പോൾ ലീവ് കഴിഞ്ഞ് തിരിച്ചു ജോലിയിൽ പ്രവേശിക്കുന്നവരും, താൽക്കാലിക ചുമതലകളൊഴിഞ്ഞു തിരിച്ചു വരുന്നവരും മഞ്ഞ ഗ്രൂപ്പിലായിരിക്കും ഉൾപ്പെടുകയെന്ന് അധികൃതർ വെളിപ്പെടുത്തി.
ഈ ഉദ്യോഗസ്ഥരെയെല്ലാം അവർ റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്ത് നിന്നും ഡ്യൂട്ടി ചെയ്യേണ്ട സ്ഥലത്തേക്കെത്തിക്കാൻ സൈന്യത്തിന്റെ വാഹനങ്ങളും പ്രത്യേക ട്രെയിനുകളും ഉപയോഗിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. നേപ്പാളിലേക്ക് അവധിയെടുത്തു പോയവരെ അവിടുത്തെ ബോർഡർ തുറക്കുന്നത് വരെ നേപ്പാളിൽ തന്നെ തുടരാനനുവദിക്കുമെന്നും അവിടുത്തെ കാര്യങ്ങൾ സുസ്ഥിരമായതിനു ശേഷമായിരിക്കും സൈന്യത്തിന്റെ ബാക്കി തീരുമാനങ്ങളെന്നും ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വക്താക്കൾ അറിയിച്ചു.
Discussion about this post