കൊൽക്കത്ത: മനുഷ്യജീവൻ അപകടത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. ജീവൻ തന്നെ അപകടത്തിലായിരിക്കുമ്പോൾ കായിക മത്സരങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധ ഏറ്റവും ഗുരുതരമായ രാജ്യങ്ങളിലൊന്നായ ജർമ്മനയിൽ ബുൻഡസ് ലിഗ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ മേയ് പകുതിയോടെ പുനഃരാരംഭിക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. ഇന്ത്യയിലെയും ജർമനിയിലെയും സാമൂഹിക സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും ഇന്ത്യയിൽ അടുത്ത കാലത്തൊന്നും ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കില്ലെന്നും ഗാംഗുലി വിശദീകരിച്ചു.
അതേസമയം ഇന്ത്യയിൽ വൈറസ് വ്യാപനം നിയന്ത്രണത്തിലായാൽ ഓസ്ട്രേലിയയിൽ ഈ വർഷം നടക്കേണ്ട ട്വന്റി20 ലോകകപ്പ് ഇന്ത്യയിലേക്ക് മാറ്റണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ സർക്കാർ സെപ്റ്റംബർ 30 വരെ വിദേശികൾ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിയ സാഹചര്യത്തിലായിരുന്നു ഗവാസ്കർ ഈ അഭിപ്രായം മുന്നോട്ടു വെച്ചത്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ അദ്ധ്യക്ഷൻ രംഗത്തെത്തിയത്.
Discussion about this post