ഞായറാഴ്ച നടക്കുന്ന മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും.രാജ്യം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളുമായി സംസാരിക്കുമെന്നാണ് കരുതുന്നത്.ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ഓൾ ഇന്ത്യ റേഡിയോയിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുക.
ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം പ്രധാനമന്ത്രി നിരവധി തവണ ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്.അടച്ചുപൂട്ടൽ കൂടുതൽ സൃഷ്ടിക്കുന്ന കഷ്ടപ്പാടിന് ജനങ്ങളോട് ക്ഷമാപണം നടത്തിയ നരേന്ദ്രമോദി ദരിദ്രരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്ന ഉറപ്പു വരുത്തുമെന്നും പറഞ്ഞിരുന്നു.മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ രംഗത്തെ മുൻനിര പോരാളികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചിരുന്നു.ഓൾ ഇന്ത്യ റേഡിയോ ഡൽഹി നിലയത്തിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടി, എല്ലാ ലോക്കൽ റേഡിയോ സ്റ്റേഷനുകളിലും 5 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളിലും പ്രക്ഷേപണം ചെയ്യപ്പെടും.








