കൊച്ചി: സ്പ്രിംഗ്ളർ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ ഡേറ്റാ ശേഖരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
സ്പ്രിംഗ്ളർ കരാര്‍ പരിശോധിക്കാന്‍ വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാനെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണം അംഗീകരിക്കില്ല. അന്താരാഷ്ട്ര കരാര്‍ പരിശോധിക്കാനുള്ള പ്രാപ്തി സമിതിക്കില്ല. ചൊവ്വാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിംഗ്ളർ കരാര്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
സ്പ്രിംഗ്ളർ വിഷയത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാര്‍ ഒപ്പിട്ടതോടെ ഭരണഘടന പൗരന്മാര്ക്ക് നല്കുന്ന മൗലിക അവകാശ സംരക്ഷണം സര്‍ക്കാര്‍ ലംഘിച്ചു. സ്പ്രിംഗ്ളറില് സിപിഐ മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Discussion about this post