ഡൽഹി: പെൻഷൻ തുകയിൽ നിന്ന് മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സൈനികന്റെ വിധവ. 1965ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഉത്തരാഖണ്ഡ് സ്വദേശി ഹവിൽദാർ കബൂതർ സിംഗിന്റെ ഭാര്യ ദർശനി ദേവി എന്ന എൺപത്തിരണ്ടു വയസ്സുകാരിയാണ് രാജ്യത്തിനാകെ അഭിമാനകരമായ മാതൃകയായിരിക്കുന്നത്.
ദർശനി ദേവിയുടെ പ്രവൃത്തി രാജ്യത്തിനാകെ മാതൃകയാണെന്ന് സംയ്കുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൈന്യമെന്നാൽ ഇത്തരം കുടുംബങ്ങളാൽ അനുഗൃഹീതമാണെന്നും അത് എല്ലാക്കാലത്തും ഇപ്രകാരമായിരിക്കുമെന്നും ഈ നന്മകളാണ് നമ്മുടെ ഊർജ്ജമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം ദർശനി ദേവിയുടെ പേരിൽ അഭിമാനം കൊള്ളുകയാണെന്നും നികുതി അടയ്ക്കാൻ പോലും വൈമനസ്യം കാട്ടുന്നവർക്കുള്ള മറുപടിയാണ് ദർശനി ദേവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻഷൻ തുകയിൽ നിന്നും മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ ബാങ്കിൽ നേരിട്ട് നടന്നെത്തിയാണ് ദർശനി ദേവി പിൻവലിച്ചത്. ആ തുക പ്രാദേശിക അധികൃതരുടെ സഹായത്തോടെ അവർ പി എം കെയേഴ്സ് ഫണ്ടിലേക്ക് നൽകുകയായിരുന്നു.
രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇത്തരം സന്ദർഭത്തിൽ തന്നാൽ കഴിയുന്നതാണ് താൻ ചെയ്തതെന്നും ജനങ്ങൾ ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് പരസ്പരം സഹായിക്കേണ്ടതെന്നും ദർശനി ദേവി ചോദിക്കുന്നു.








