മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് സംസ്ഥാനത്തു നിന്നും കോവിഡിനെ തുരത്തണമെന്ന ലക്ഷ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്ട്രയിൽ നിലവിലെ രോഗബാധിതരുടെ എണ്ണം 35, 000 ആണ്.എന്നാൽ, കൊറോണയുടെ വ്യാപനം തടയുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ടെന്നും പതുക്കെ നിയന്ത്രണങ്ങളെല്ലാം സംസ്ഥാനം നീക്കുമെന്നും അദ്ദേഹം വീഡിയോ കൺഫറൻസിലൂടെ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴുള്ള അവസ്ഥയിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാനാവില്ലെന്നും യൂറോപ്പിലും അമേരിക്കയിലും എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം ലോക്ക്ഡൗൺ നീട്ടുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ മെയ് 31 വരെ മഹാരാഷ്ട്ര ലോക്ക്ഡൗൺ നീട്ടിയിരുന്നു.ലോക്ക്ഡൗൺ മൂലം മഹാരാഷ്ട്രയിൽ കുടുങ്ങിപ്പോയ അന്യജില്ലകളിലെ ആളുകളെയെല്ലാം സംസ്ഥാനമിപ്പോൾ തിരികെയെത്തിച്ചു കൊണ്ടിരിക്കുകയാണ്.











