ഡൽഹി: രണ്ടാം ബിജെപി സർക്കാരിന്റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്ത് എഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക ദർശനങ്ങളും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളുമാണ് ജനങ്ങൾക്കായി എഴുതിയ കത്തിൽ പ്രധാനമന്ത്രി പറയുന്നത്. കോവിഡ് കാലത്തെ രാജ്യം ഫലപ്രദമായി നേരിടുകയാണെന്നു പറഞ്ഞ അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഏറെയാണെന്നും ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണത്തില്‍ നാം അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴാണ് കൊറോണ വൈറസ് ആഗോള മഹാമാരി നമ്മുടെ രാജ്യത്തെയും വലയം ചെയ്തത്. ഒരു വശത്ത് മികച്ച സാമ്പത്തിക സ്രോതസ്സുകളും അത്യാധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമുണ്ടെങ്കിലും മറുവശത്ത്, വിശാലമായ ജനസംഖ്യയ്ക്കും പരിമിതമായ വിഭവങ്ങള്‍ക്കുമിടയില്‍ നമ്മുടെ രാജ്യം പ്രശ്നങ്ങളുടെ ഇടയിലാണെന്ന് കത്തിൽ അദ്ദേഹം പറയുന്നു.
‘കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്‍ ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ ഇന്ന്, പൂര്‍ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയെ നിങ്ങള്‍ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കൈയടിക്കുന്നതിലൂടെയും വിളക്കു കൊളുത്തുന്നതിലൂടെയും, കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലും , ജനത കര്‍ഫ്യൂ, അല്ലെങ്കില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ, എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട് ’–പ്രധാനമന്ത്രി വ്യക്തമാക്കി.
ഇത്രയും വലിയ ഒരു മഹാമാരിയുടെ കാലത്ത്, ഒരാൾക്കുപോലും ബുദ്ധിമുട്ടുകളോ, അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്ന് തീർച്ചയായും അവകാശപ്പെടാനാവില്ല. തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ചെറുകിട വ്യവസായ മേഖകളിൽ ജോലിയെടുക്കുന്ന വൈദഗ്ധ്യം നേടിയ തൊഴിലാളികൾ, കരകൗശലവിദഗ്ദ്ധർ, സാധനങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന ചെറുകിട വ്യാപാരികൾ തുടങ്ങിയ നമ്മുടെ സഹോദരങ്ങൾ വലിയ കഷ്ടപ്പാടുകളിലൂടെയാണ് ഇക്കാലത്ത് കടന്നുപോകുന്നത്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, നിശ്ചയദാർഢ്യത്തോടെ, കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ബുദ്ധിമുട്ടുകൾ വലിയ ദുരന്തങ്ങളായി മാറില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ, രാജ്യത്തെ ഓരോ പൗരനും തനിക്കു ലഭിക്കുന്ന മാർഗനിർദേശങ്ങളും നിയമങ്ങളും പാലിക്കേണ്ടത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. നാമിതുവരെ പ്രകടിപ്പിച്ച ക്ഷമ ഇനിയങ്ങോട്ടും തുടരാൻ നമുക്കാവണമെന്നും കൊറോണ നാശം വിതച്ച മറ്റു ലോകരാജ്യങ്ങളേക്കാൾ മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ഒരിടമായി ഇന്ത്യ മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സന്ദർഭത്തിൽ, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ എങ്ങനെ തിരിച്ചുവരും എന്നതിനെപ്പറ്റി വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. ഐക്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി കൊറോണ വൈറസിനെതിരെ പോരാടി ലോകത്തെ ആശ്ചര്യപ്പെടുത്തിയവരാണ് നമ്മൾ. അതുപോലെ തന്നെ, സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിലും, നാം ലോകത്തിനു തന്നെ മാതൃകയാകുമെന്നു എല്ലാവരും വിശ്വസിക്കുന്നു. സാമ്പത്തിക മേഖലകളിൽ, തങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതിലൂടെ, ലോകത്തെ മുഴുവൻ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, അവരെ മുഴുവൻ പ്രചോദിപ്പിക്കാനും 130 കോടി ഭാരതീയർക്ക് കഴിയും. സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നമ്മുടെ ശേഷികൾ അടിസ്ഥാനമാക്കി, നമ്മുടേതായ വഴികളിലൂടെ നമുക്ക് മുന്നോട്ട് പോയെ തീരൂ. അത് യാഥാർഥ്യമാക്കാൻ ഒരു മാർഗമേ ഉളളൂ; ആത്മനിർഭർ ഭാരത് അല്ലെങ്കിൽ സ്വയംപര്യാപ്ത ഇന്ത്യ. ആത്മനിർഭർ ഭാരത് അഭിയാന് വേണ്ടി അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാൽവയ്പാണ്. കർഷകർക്കും തൊഴിലാളികൾക്കും സംരംഭകർക്കും ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post