കാളിയമ്പി- In Facebook
ഓര്‍മ്മയുണ്ടാകും…വാരാപ്പുഴയിലെ ശ്രീജിത്. കേരളാ പോലീസ് കസ്റ്റഡിയിലെടുത്ത് തല്ലിക്കൊലപ്പെടുത്തിയ ചെറുപ്പക്കാരന്. നേതൃത്വം നല്കിയ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റം നല്കി സര്വീസിലിരുത്തിയിട്ടുണ്ട്. കൊന്നവരെല്ലാം സര്‍വീസില്‍ ഇന്നുമുണ്ട്. വാരാപ്പുഴ വഴി കാറില്‍ പോയപ്പോള്‍ ചായ കുടിക്കാന്‍ പോലും വണ്ടി നിര്‍ത്താതിരുന്ന ”വിപ്ളവ സിംഹ ‘ ത്തെ മറന്നിട്ടുണ്ടാവില്ല.
ഓര്‍മ്മയുണ്ടാകും വിനായകനെ. പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പത്തൊമ്പതുകാരന്. കുണ്ടറയിലെ കുഞ്ഞുമോന്, കാസര്‍കോട് സന്ദീപ്, പിണറായിയില്‍ ഉനൈസ്, തൊടുപുഴയിലെ രജീഷ് …. ഇരുപതോളം കസ്റ്റഡി കൊലപാതകങ്ങളാണ് പിണറായി വിജയന് ഭരണത്തില്‍ നടത്തിയത്. തൊടുപുഴയിലെ രജീഷിനെ സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനാണ് പോലീസ് ഇടിച്ചു കൊന്നത്. വാരാപ്പുഴയിലെ ശ്രീജിത്തിനെ സി പി എം നേതാക്കള്‍ ഉത്തരവിട്ടിട്ടാണ് കള്ളക്കേസില്‍ കസ്റ്റഡിയിലെടുത്ത് ഇടിച്ച് കൊന്നത്.
‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് അമേരിക്കയിലെ മിനിയപ്പോളിസില്‍ ജോര്‍ജ് ഫ്ളോയ്ഡ് പിടഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് നൊന്തോ? ജോര്‍ജ് ഫ്ളോയിഡിനെ ഇടിച്ചില്ല, ഉരുട്ടിയില്ല, കെട്ടിയിട്ട് ക്രൂരമായി വരഞ്ഞില്ല, ലിംഗത്തില്‍ ഈര്‍ക്കില്‍ കയറ്റിയില്ല, കിഡ്നി നോക്കി ഇടിച്ച് രക്തം മൂത്രമാക്കിയില്ല, കിഴക്കാം തൂക്കായി കെട്ടിത്തൂക്കിയില്ല, കാല് വെള്ള അടിച്ച് തകര്‍ത്തില്ല, മുളകരച്ച് കണ്ണില്‍ തേച്ചില്ല…
ശ്രീജിത്തിനേയും രജീഷിനേയും കുഞ്ഞുമോനേയുമൊക്കെ അങ്ങനെ കൊല്ലുന്ന വീഡിയോകള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് നോവുമായിരുന്നോ? ഇല്ല എന്നാണ് തോന്നുന്നത്. കാരണം നൊന്തതായി ആരും പറഞ്ഞ് കണ്ടില്ല.
ജോര്‍ജിന് വേണ്ടി കരയണ്ട എന്നല്ല. കരഞ്ഞോളൂ. വെള്ളക്കാരന് അമേരിക്കയുടെ വൃത്തികെട്ട വര്ണ്ണവെറിയെപ്പറ്റി വാചാലനായിക്കോളൂ.
പക്ഷേ ഒരു നിമിഷം.. ഇടിച്ച് ഇഞ്ചപ്പരുവമാക്കുമ്പോള്‍, പോലീസുകാര്‍ ചുറ്റും നിന്ന് തല്ലിയൊടിക്കുമ്പോള്‍ ആ ശ്രീജിത് നിലവിളിച്ച ശബ്ദം കൂടി നിങ്ങളുടെ കാതുകളില്‍ ഒന്ന് അലറിയടിക്കണം. കള്ളക്കേസില്‍ കുടുക്കിയാണ് അയാളെ കസ്റ്റഡിയിലെടുത്തത്. വീട്ടിലും ജീപ്പിലും ലോക്കപ്പിലുമിട്ട് ചവുട്ടി കൊന്നത്. ആ നിലവിളി, അലര്‍ച്ച, ശ്വാസത്തിനായുള്ള അവസാന പിടച്ചില്‍, അതുകൂടി കേള്‍ക്കണം. മറന്നു പോകരുത്.
ഗതികേടാണ്, തന്റെ മൂക്കിന് കീഴെയുള്ള അനീതി ഓര്‍മ്മിപ്പിക്കാന്‍ ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്തെ ഒരു സംഭവം ഉപയോഗിക്കേണ്ടി വരുന്നത്. ഗതികേടാണത്.
Discussion about this post