കൊച്ചി: ഒരു സംഘം ക്രിമിനലുകള്‍ അടിച്ചു തകര്‍ത്ത കാലടി മണപ്പുറത്ത് നിര്‍മ്മിച്ച സിനിമ സെറ്റ് പൂര്‍ണമായും പൊളിച്ചുമാറ്റി. മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിംഗിനായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് സിനിമാ പ്രവര്‍ത്തകര്‍ തന്നെ പൊളിച്ച് മാറ്റിയത്. കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി.
കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ക്ഷേത്രം അധികൃതരുടെ നടപടി. നേരത്തെ തൊഗാഡിയ നേതൃ്വത്വം നല്‍കുന്ന എഎച്ചപി പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത് വന്‍ വിവാദമായിരുന്നു. ഗുണ്ടാ പരിവ് നല്‍കാത്തതാണ് ആക്രമണത്തിന് പിന്നിലെന്ന് അറസ്റ്റിലായ മുഖ്യപ്രതി മൊവി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നല്‍ മുരളി. ഇതിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. പൊളിക്കാനിരുന്ന സെറ്റ് ചില അക്രമികളെ കൊണ്ട് പൊളിപ്പിക്കുകയായിരുന്നു എന്ന ആരോപണം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു.
സംഭവത്തില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയു ചെയ്തിരുന്നു. വിവിധ സിനിമാ സംഘടനകളും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതികളില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ മലയാറ്റൂര്‍ സ്വദേശി രതീഷ് കൊലപാതകം ഉള്‍പ്പെടെ 29 കേസുകളിലെ പ്രതിയാണ്.












