മലപ്പുറം: സി.പി.ഐ.എം എം.എല്‍.എയായിരുന്ന കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടന് മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ചുള്ളിയോട് അന്ന് രാവിലെ മുതല്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ഞാന്‍ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ പുറത്ത് ഞങ്ങളുടെയും പ്രവര്‍ത്തകര്‍ സംഘടിച്ചുതുടങ്ങി. ഇതില്‍ ഒരുസംഘം ഓഫീസിനു താഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നില്‍പ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാന്‍ കോണിപ്പടിയില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോള്‍ ഞാന്‍ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കല്‍ ഗോപാലന് എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്.’
അതേസമയം കുഞ്ഞാലി വധക്കേസില്‍ ആര്യാടനായിരുന്നു ഒന്നാം പ്രതി. പിന്നീട് കോടതി ആര്യാടനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. ആര്യാടനാണ് തന്നെ വെടിവെച്ചതെന്ന് കുഞ്ഞാലി പൊലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് താനാണ് വെടിവെച്ചതെന്ന് ഗോപാലന് തന്നോട് പറഞ്ഞിരുന്നതായും ആര്യാടന് പറയുന്നു. കുഞ്ഞാലി വധത്തിന് ശേഷം ഗോപാലന് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post