ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതാവുമായ ഷാര്‍ജീല്‍ ഇമാമിന് സുപ്രിംകോടതിയില്‍ വീണ്ടും തിരിച്ചടി. ഷാര്‍ജീല്‍ ഇമാമിന്റെ അപേക്ഷയില്‍ അഞ്ച് സംസ്ഥാനങ്ങളുടെയും മറുപടി ലഭിക്കാതെ ഇടക്കാല ഉത്തരവുകള്‍ പാസാക്കില്ലെന്നാണ് കോടതിയുടെ വ്യക്തമായ നിലപാട്. സംസ്ഥാനങ്ങളുടെ മറുപടി ലഭിക്കാതെ ഇടക്കാല ഉത്തരവ് പാസാക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ഇമാമിന്റെ ഹര്‍ജിയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പ്രതികരിച്ചിട്ടില്ല.മറ്റ് സംസ്ഥാനങ്ങളുടെ മറുപടികള്‍ ലഭിക്കാതെ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മറുപടി സത്യവാങ്മൂലം നല്‍കാന്‍ അസമിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ സമയം ആവശ്യപ്പെട്ടു.വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കോടതി നടപടിക്രമങ്ങള്‍ .മറുപടി സമര്‍പ്പിക്കാന്‍ അസം, മണിപ്പൂര്‍, അരുണാചല്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
ഇമാമിനെതിരെ നല്‍കിയ കേസുകളെല്ലാം ഏകീകരിക്കണമെന്നാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ഡേവ് കോടതിയില്‍ ആവശ്യപ്പെട്ടത്.
മെയ് 26 ന് ഉത്തര്‍പ്രദേശ്, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളോട് സുപ്രിംകോടതി വിശദീകരണം തേടിയിരുന്നു. മെയ് ഒന്നിന് ആണ് ഡല്‍ഹി സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. തനിക്കെതിരായ എല്ലാ ക്രിമിനല്‍ കേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റണമെന്നും ഒരൊറ്റ ഏജന്‍സി അന്വേഷിക്കണമെന്നും ആണ് ഷാര്‍ജീല്‍ ഇമാമിന്റെ ആവശ്യം. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ അലിഗഡിലും നടത്തിയ രണ്ട് പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇമാമിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഷാര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന (യുഎപിഎ) നിയമപ്രകാരമാണ് ഡല്‍ഹി പോലീസ് ഇമാമിനെതിരെ കേസെടുത്തത്. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് എന്നിവിടങ്ങളില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തില്‍ ജനുവരി 28 ന് ബിഹാറിലെ ജെഹാനാബാദില്‍ നിന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം ഇമാമിനെ അറസ്റ്റ് ചെയ്തത്.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഷാര്‍ജീല്‍ ഇമാം പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.









Discussion about this post