പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കൻ സാമ്രാജ്യത്വത്തിനും വിദേശ ഗൂഢാലോചനകൾക്കുമെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബങ്കറിൽ ഒളിവിലാണെന്ന പാശ്ചാത്യ പ്രചാരണം തള്ളിയ മുംബൈയിലെ ഇറാൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലാഗ്. ഖമേനി പൂർണ്ണ സുരക്ഷിതനാണെന്നും ഭരണകാര്യങ്ങളിൽ സജീവമാണെന്നും വ്യക്തമാക്കി. ഭാരതവുമായുള്ള തന്ത്രപ്രധാനമായ സഹകരണം ഉപരോധങ്ങൾക്കിടയിലും കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം ട് പറഞ്ഞു.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ഏജൻസികൾ നടത്തിയ ഗൂഢാലോചനയാണ് സമീപകാലത്തുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നിലെന്ന് മൊത്‌ലാഗ് ആരോപിച്ചു. വിദേശ പരിശീലനം ലഭിച്ച തീവ്രവാദികളാണ് അക്രമങ്ങൾ അഴിച്ചുവിട്ടത്. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ കാണിച്ച കരുത്ത് ലോകം കണ്ടതാണ്. അമേരിക്ക മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലുകൾ അയച്ച് ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും, ഏത് കടന്നാക്രമണത്തെയും നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ സുരക്ഷാ സേന സമാധാനപരമായി പ്രതിഷേധിച്ചവരോട് ആത്മസംയമനം പാലിച്ചിരുന്നു. എന്നാൽ ജനുവരി 8 മുതൽ വിദേശ നിർദ്ദേശപ്രകാരം തീവ്രവാദികൾ അക്രമം തുടങ്ങിയതോടെയാണ് തിരിച്ചടിച്ചത്,” അദ്ദേഹം പറഞ്ഞു. 3,117 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, അമേരിക്കൻ ഉപരോധങ്ങൾ സാമ്പത്തിക ഇടപാടുകളെ ബാധിച്ചിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഇതിന് പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിന്റെ സുരക്ഷയും ഉന്നതിയും മുൻനിർത്തിയുള്ള സഹകരണമാണ് ഇറാൻ ആഗ്രഹിക്കുന്നത്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ പൂർണ്ണ സുരക്ഷിതരാണെന്നും അവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോൺസൽ ജനറൽ ഉറപ്പുനൽകി. ഇറാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ ഇറാനിലെ ജനങ്ങളും ഭരണകൂടവും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.









Discussion about this post