2026-ലെ ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ രാഷ്ട്രീയ നാടകങ്ങൾ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ കളിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച ബംഗ്ലാദേശിനെ ഐസിസി പുറത്താക്കിയിരുന്നു. ബംഗ്ലാദേശിന് പകരക്കാരായി സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിക്കൊണ്ട് ഐസിസി ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.
ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ മുൻനിര താരം മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്തതാണ് ബംഗ്ലാദേശിനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുകയായിരുന്നു. ഷെഡ്യൂളിൽ മാറ്റം വരുത്താൻ ഐസിസി തയ്യാറാകാത്തതോടെ ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ രംഗത്തെത്തിയിരിക്കുന്നത്. ബംഗ്ലാദേശിനോട് ഐസിസി കാട്ടുന്നത് ഇരട്ടത്താപ്പാണെന്നും ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കുന്ന കാര്യം സംശയത്തിലാണെന്നും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പറഞ്ഞു. “ബംഗ്ലാദേശിനോട് അനീതിയാണ് കാട്ടിയത്. ഒരു രാജ്യത്തിന് മാത്രം (ഇന്ത്യ) എല്ലാ തീരുമാനങ്ങളും എടുക്കാൻ അധികാരം നൽകുന്നത് ശരിയല്ല. പാകിസ്താൻ ലോകകപ്പിൽ കളിക്കണമോ എന്ന കാര്യം സർക്കാർ തീരുമാനിക്കും. ഞങ്ങൾക്ക് ഐസിസിയെക്കാൾ വലുത് പാക് സർക്കാരാണ്,” നഖ്‌വി തുറന്നടിച്ചു.
പാകിസ്താൻ നിലവിൽ ഒരു ‘ഹൈബ്രിഡ് മോഡലിലാണ്’ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കുന്നത്. ഇതനുസരിച്ച് പാകിസ്താൻ്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടക്കുന്നത്. ഫെബ്രുവരി 15-ന് നടക്കേണ്ട ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാകുന്നത് കൊളംബോയാണ്. ഇതേ ആനുകൂല്യം ബംഗ്ലാദേശിനും നൽകണമെന്നാണ് പാകിസ്താൻ്റെ ആവശ്യം. എന്നാൽ ഇന്ത്യയുടെ താല്പര്യങ്ങൾക്കും സുരക്ഷയ്ക്കും വിരുദ്ധമായ ഒരു വിട്ടുവീഴ്ചയ്ക്കും ബിസിസിഐയും കേന്ദ്ര സർക്കാരും തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. പാകിസ്താൻ പിന്മാറിയാൽ ‘പ്ലാൻ ബി, സി, ഡി’ എന്നിങ്ങനെ ബദൽ മാർഗങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും നഖ്‌വി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയില്ലാത്ത ക്രിക്കറ്റ് ഭൂപടം പാകിസ്താൻ്റെ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടുകയേയുള്ളൂ എന്നാണ് കായിക നിരീക്ഷകർ വിലയിരുത്തുന്നത്.
മൊഹ്സിൻ നഖ്‌വിയുടെ ഈ പ്രസ്താവനകളോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചാൽ കടുത്ത നടപടികൾ ഐസിസിയിൽ നിന്ന് ഉണ്ടായേക്കും.









Discussion about this post