പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ താൻ സ്വീകരിച്ച ദേശീയതാ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് കോൺഗ്രസ് നേതൃത്വത്തെ തള്ളിയും കേന്ദ്ര സർക്കാരിന്റെ സൈനിക നടപടിയെ പിന്തുണച്ചും തരൂർ രംഗത്തെത്തിയത്. “പഹൽഗാം ആക്രമണത്തിന് ശേഷം തിരിച്ചടി വേണമെന്ന് ഞാൻ ശക്തമായി വാദിച്ചു. ‘ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ട്’ എന്നതായിരുന്നു എന്റെ നിലപാട്. ഭാരത സർക്കാർ അത് തന്നെയാണ് ചെയ്തത്. രാജ്യതാൽപ്പര്യത്തിന് മുന്നിൽ പാർട്ടി താൽപ്പര്യങ്ങൾക്ക് സ്ഥാനമില്ലെന്ന് തരൂർ തുറന്നടിച്ചു.
വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയെ പാകിസ്താനുമായി ദീർഘകാല സംഘർഷത്തിലേക്ക് തള്ളിവിടരുതെന്നും, തീവ്രവാദ ക്യാമ്പുകൾ ആക്രമിക്കുന്നതിൽ മാത്രമായി ഏത് നടപടിയും പരിമിതപ്പെടുത്തണമെന്നും തരൂർ പറഞ്ഞു. ഇന്ത്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പാകിസ്താനുമായുളള ദീർഘകാല സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കരുത്, കൂടാതെ ഏത് നടപടിയും തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിടുന്നതിൽ മാത്രമായി പരിമിതപ്പെടുത്തണം. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇന്ത്യൻ സർക്കാർ ശുപാർശ ചെയ്തത് കൃത്യമായി ചെയ്തു,” അദ്ദേഹം പറഞ്ഞു.
“ഇന്ത്യ മരിച്ചാൽ ആര് ജീവിക്കും?” എന്ന ജവഹർലാൽ നെഹ്‌റുവിന്റെ പ്രശസ്തമായ വരി ഓർമ്മിപ്പിച്ചുകൊണ്ട് തരൂർ, ദേശീയ സുരക്ഷയും ലോകത്ത് ഇന്ത്യയുടെ സ്ഥാനവും മുൻഗണന നൽകണമെന്ന് പറഞ്ഞു. മെച്ചപ്പെട്ട ഇന്ത്യയ്ക്കായി പ്രവർത്തിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ വ്യത്യാസപ്പെട്ടിരിക്കാം, എന്നാൽ രാജ്യത്തിന്റെ കാതലായ താൽപ്പര്യങ്ങൾ അപകടത്തിലാകുമ്പോൾ, ഇന്ത്യ ആദ്യം വരണമെന്ന് തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് നേതൃത്വവുമായുള്ള തരൂരിന്റെ അകൽച്ച കൂടുതൽ പരസ്യമാവുകയാണ്. കഴിഞ്ഞദിവസം ഡൽഹിയിൽ എഐസിസി വിളിച്ചുചേർത്ത നിർണ്ണായക തിരഞ്ഞെടുപ്പ് സമിതി യോഗം തരൂർ ബഹിഷ്കരിച്ചിരുന്നു. കൊച്ചിയിൽ നടന്ന മഹാപഞ്ചായത്ത് പരിപാടിയിൽ രാഹുൽ ഗാന്ധി തന്നെ അവഗണിച്ചതിൽ തരൂർ അസ്വസ്ഥനാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നീക്കം. ദില്ലിയിലെ യോഗം ഒഴിവാക്കിയ തരൂർ, തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വികസന പരിപാടികളിലും റോഡ് ഷോയിലും സജീവമായി പങ്കെടുത്തു. സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്ന വിശദീകരണമാണ് അദ്ദേഹം നൽകിയത്.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഭാരതത്തിന്റെ നിലപാട് ആഗോളതലത്തിൽ വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട സർവ്വകക്ഷി സംഘത്തിൽ തരൂർ അംഗമായിരുന്നു. അന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഇതിനെ എതിർത്തെങ്കിലും, രാജ്യതാൽപ്പര്യത്തിനാണ് താൻ വില കൽപ്പിക്കുന്നതെന്ന് തരൂർ അന്ന് വ്യക്തമാക്കിയിരുന്നു.










Discussion about this post