ലഡാക് : ജൂൺ 15ന് ലഡാക്കിൽ സംഭവിച്ചതിന്റെ വിശദമായ റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു.ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പരക്കുന്നതിനിടയിലാണ് ഈ സംഭവം.
ജൂൺ 15ന് കിഴക്കൻ ലഡാക്കിൽ, ഷ്യോക്ക്, ഗാൽവാൻ നദികൾ സംഗമിക്കുന്നതിനു സമീപമുള്ള മേഖലയിലെ ചൈനീസ് അതിർത്തിയിൽ അനധികൃതമായി ചൈന ക്യാമ്പ് നിർമ്മിച്ചത് ഒഴിപ്പിക്കാൻ ഇന്ത്യൻ സൈനികർ എത്തുന്നതോടെയാണ് സംഭവത്തിന്റെ തുടക്കം.നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം പട്രോളിങ് പോയിന്റ് 14ലെ ആ നിരീക്ഷണ പോസ്റ്റ് പൊളിക്കാൻ ചൈന തയ്യാറായിരുന്നു.16 ബീഹാർ റെജിമെന്റിലെ ചില സൈനിക ക്യാംപ് നീക്കം ചെയ്യപ്പെട്ടു എന്നുറപ്പു വരുത്താൻ നിയോഗിക്കപ്പെട്ടു.
പന്ത്രണ്ടോളം ചൈനീസ് സൈനികരായിരുന്നു ക്യാമ്പിൽ തമ്പടിച്ചിരുന്നത്.ഉന്നതതല ചർച്ചകളിൽ തീരുമാനിച്ച പോലെ ക്യാമ്പ് നീക്കംചെയ്യാൻ ഇന്ത്യൻ സൈനികർ അവരോട് ആവശ്യപ്പെട്ടു.എന്നാൽ ചൈനീസ് പട്ടാളക്കാർ ടെന്റ് നീക്കം ചെയ്യാൻ വിസമ്മതിച്ചു.ഇതോടെ, ഈ വിവരമറിയിക്കാൻ ഇന്ത്യൻ പട്രോളിംഗ് ടീം തങ്ങളുടെ താവളത്തിലേക്ക് മടങ്ങിപ്പോയി.വിവരം ഇന്ത്യൻ ക്യാമ്പിൽ അറിഞ്ഞതോടെ 16 ബീഹാർ റെജിമെന്റ് കമാൻഡിങ് ഓഫീസറായ കേണൽ സന്തോഷ് ബാബുവും 50 പട്ടാളക്കാരും ഇക്കാര്യം ചോദിക്കാൻ ചൈനീസ് താവളത്തിലേക്ക് പുറപ്പെട്ടു.
ഒരു സംഘർഷം ഉറപ്പാണെന്ന് മനസിലാക്കിയ ചൈനീസ് സൈനികർ, ആകെ ഇന്ത്യൻ പട്രോളിംഗ് മടങ്ങിയതിനു തൊട്ടുപിറകെ കൂടുതൽ സൈനികരെ ഔട്ട്പോസ്റ്റിലെത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് 300-350 പേരടങ്ങുന്ന ചൈനീസ് സൈനികരുടെ ഒരു വൻ സംഘം ഔട്ട് പോസ്റ്റിലെത്തിയിരുന്നു. കല്ലുകളും മുള്ളുകമ്പി ചുറ്റിയ വടികളും ക്യാമ്പിങ്ങിന് ഉപയോഗിക്കുന്ന ഇരുമ്പു കുറ്റികളും അവർ കൈകളിൽ കരുതി.വലിയൊരു വിഭാഗം പട്ടാളക്കാർ ഔട്ട്പോസ്റ്റ് കാണാവുന്ന ദൂരത്തിൽ ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളിൽ കയറി ഒളിച്ചിരുന്നു. എറിയാനുള്ള സൗകര്യത്തിന് കല്ലുകൾ പെറുക്കി കുന്നുകൂട്ടി വച്ച് അവർ ഇന്ത്യൻ പട്ടാളക്കാരുടെ വരവും കാത്തിരുന്നു. ഇതൊന്നുമറിയാതെ നിരായുധരായി വന്നു കയറിയ ഇന്ത്യൻ സൈന്യം, മേലധികാരികൾ തമ്മിൽ തീരുമാനം ആയിട്ടും നിങ്ങൾ ക്യാമ്പ് നീക്കം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ചൈനക്കാരുടെ കൂസലില്ലാത്ത മറുപടിയിൽ കുപിതരായ ഇന്ത്യൻ സൈന്യം ട്രെൻഡുകൾ സ്വമേധയാ പിഴുതുമാറ്റാൻ ആരംഭിച്ചു. നോക്കിനിൽക്കേ, ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ തുടങ്ങി.കേണൽ സന്തോഷ് ബാബുവിനും ഹവിൽദാർ പഴനിയ്ക്കുമായിരുന്നു ആദ്യ അടി. ഓർക്കാപ്പുറത്ത് ശിരസ്സിൽ അടിയേറ്റ് ഇരുവരും വീണതോടെയാണ് ചൈനക്കാർ ഏറ്റുമുട്ടലിന് കോപ്പുകൂട്ടി നിൽക്കുന്ന വിവരം ഇന്ത്യൻ പട്ടാളം തിരിച്ചറിഞ്ഞത്.തങ്ങളുടെ കേണൽ സാബ് വീണതോടെ ബിഹാർ റെജിമെന്റിലെ സൈനികർ കോപാന്ധരായി. ഔട്ട് പോസ്റ്റിൽ നടക്കുന്ന ആക്രമണത്തിന് പുറമേ, മലഞ്ചെരുവുകളിൽ ഇരുന്ന് ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ സൈന്യത്തിന് നേരെ തുരുതുരാ കല്ലെറിഞ്ഞു. എണ്ണത്തിൽ നാലിലൊന്നുപോലും ഇല്ലാഞ്ഞിട്ടും, ബിഹാർ റെജിമെന്റിലെ പരാക്രമിയായ സൈനികർ കൈയിൽ കിട്ടിയതെല്ലാമെടുത്തടിച്ചു.നാലു മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടു നിന്നു. ഇടവും വലവും നോക്കാതെ ഇന്ത്യൻ പട്ടാളക്കാരുടെ ഇരുമ്പുകമ്പികൾ കൊണ്ടുള്ള പ്രത്യാക്രമണത്തിൽ, ചൈനീസ് പട്ടാളക്കാർ നിരവധി പേർ തിരിഞ്ഞോടി.നേരം പുലർന്നപ്പോൾ, സ്ഥിതിഗതികൾ വഷളായതറിഞ്ഞെത്തിയ ഇരുരാജ്യങ്ങളിലെയും ഉന്നത സൈനിക അധികാരികൾ കണ്ടത് ചിതറിക്കിടക്കുന്ന ശവശരീരങ്ങളായിരുന്നു.
ചൈനക്കാരുടെ യഥാർഥ മരണസംഖ്യ ഏറ്റവും ചുരുങ്ങിയത് 45 നും 50 നും ഇടയിൽ വരുമെന്നാണ് ഇന്ത്യൻ സൈന്യം തറപ്പിച്ചു പറയുന്നത്.20 ജീവൻ നഷ്ടപ്പെട്ടുവെങ്കിലും ഇരട്ടിയിലധികം ആൾനാശം ശത്രുവിനുണ്ടാക്കാനും, പട്രോളിങ് പോയിന്റ് 14 പൊളിച്ചടുക്കാനും ഇന്ത്യൻ സൈന്യത്തിന് സാധിച്ചുവെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു









Discussion about this post