പാക് അധീന കശ്മീരിലെ സ്കർദു എയർബേസിൽ ചൈനീസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ കണ്ടെത്തിയതായി ഇന്റലിജൻസ് ഏജൻസികൾ.നാല്പതോളം ചെങ്ദു ജെ 10 യുദ്ധവിമാനങ്ങളാണ് സ്കർദു എയർബേസിൽ വിന്യസിച്ചിരിക്കുന്നത്. മൾട്ടിറോൾ വിഭാഗത്തിൽപ്പെട്ട ചെങ്ദു ജെ10 പോർവിമാനങ്ങൾ ചൈനീസ് വ്യോമസേനയിലെ ശക്തമായ വിമാനങ്ങളിൽ ഒന്നാണ്.
ലേയിൽ നിന്നും 100 കിലോമീറ്റർ ദൂരത്തിലാണ് സ്കർദു എയർബേസ് സ്ഥിതി ചെയ്യുന്നത്.ഇന്ത്യയെ ആക്രമിക്കാനായിരിക്കാം ചൈനീസ് വ്യോമസേന ഇവയെല്ലാം പ്രവർത്തന സജ്ജമാക്കി വെച്ചിരിക്കുകായെന്നാണ് വിലയിരുത്തൽ. ഫൈറ്റർ ജെറ്റുകളുപയോഗിച്ച് ലഡാക്കിനെ ആക്രമിക്കണമെങ്കിൽ ചൈനയ്ക്ക് യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ പരിഗണിക്കാവുന്നത് കഷ്‌കർ, ഹോട്ടൻ, നാഗ്രി ഗുർഗുൻസ എന്നീ വ്യോമത്താവളങ്ങളാണ്.ഇവയെ എല്ലാം അപേക്ഷിച്ച് സ്കർദു ലഡാക്കിനടുത്താണ് എന്നതിനാലാണ് ചൈന ഈ എയർബേസ് തിരഞ്ഞെടുത്തത്.അതു കൊണ്ടു തന്നെ, ഇന്ത്യയ്ക്കിത് കനത്ത ഭീഷണിയാണ്.മാത്രമല്ല, പാക്ക് അധീന കശ്മീരിലുള്ള സ്കർദു വിമാനത്താവളത്തിലേക്ക് ഇന്ത്യ തിരിച്ചടി നടത്തുകയാണെങ്കിൽ പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിക്കാൻ ഒരു കാരണം കൂടി ലഭിക്കും.










