ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സംഗത്പുര ഗ്രാമത്തിലെ ബി.പി.എൽ കുടുംബത്തിൽ നിന്ന് ഏഷ്യൻ ഗെയിംസിലെ ഇരട്ട സ്വർണത്തിലേക്ക് വളർന്ന നീരു ധന്ധയുടെ കഥ ഇന്ത്യൻ കായികരംഗത്തെ അതിശയിപ്പിക്കുന്ന പോരാട്ടത്തിന്റെ ഉദാഹരണമായി മാറുകയാണ്. 2026 ഏഷ്യൻ ഗെയിംസിൽ ട്രാപ് ഷൂട്ടിങ്ങിൽ വ്യക്തിഗത സ്വർണവും മിക്സഡ് ഇനത്തിൽ മറ്റൊരു സ്വർണവും നേടിയ 26കാരി ചരിത്രം കുറിച്ചു.
നീരു വ്യക്തിഗത സ്വർണം നേടിയ വിവരം അറിയുമ്പോൾ അമ്മ സുധേഷ് ദേവി ജപ്പാനിലെ മത്സരം കാണുകയായിരുന്നില്ല. കുടുംബത്തിനുള്ള ബി.പി.എൽ റേഷൻ വാങ്ങാൻ സംഗത്പുരയിലെ റേഷൻ കടയിൽ കാത്തുനിൽക്കുകയായിരുന്നു അവർ. റേഷൻ കാർഡ് കൈയിൽ പിടിച്ചുനിൽക്കുന്നതിനിടെയാണ് മകൾ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയെന്ന വാർത്ത സുധേഷ് ദേവിയെ തേടിയെത്തിയത്. കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് സംസാരിക്കവെ ‘ജമാ ഗരീബി ഹേ, സീറോ ബാലൻസ് ഹേ’ എന്നാണ് അവർ പറഞ്ഞത്.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള നീരുവിന്റെ നേട്ടത്തിന് കൂടുതൽ പ്രത്യേകതയുണ്ട്. തോക്കുകളും വെടിയുണ്ടകളും പരിശീലനവും ഷൂട്ടിങ് റേഞ്ചും ഉൾപ്പെടെ വലിയ ചെലവ് ആവശ്യമായ കായിക ഇനമാണ് ട്രാപ് ഷൂട്ടിങ്. സ്വന്തമായി തോക്കുപോലുമില്ലാതിരുന്ന കാലത്താണ് നീരു ഈ കായികയാത്ര ആരംഭിച്ചത്. കുടുംബത്തിന് സ്വന്തമായിരുന്ന ദുനാലി എന്ന ഇരട്ടക്കുഴൽ തോക്കുപയോഗിച്ച് ടിൻ കാനുകൾക്ക് നേരെ വെടിവെച്ചായിരുന്നു നീരുവിന്റെ ആദ്യ പരിശീലനം. കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനായി കർഷകനായ പിതാവ് സൂക്ഷിച്ചിരുന്ന തോക്കായിരുന്നു അത്. പിന്നീട് പരിശീലനത്തിനായി മറ്റൊരാളുടെ തോക്ക് കടം വാങ്ങേണ്ടിവന്നു. മത്സര ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന ആധുനിക സ്പോർട്സ് തോക്കുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഈ തോക്ക്. എന്നാൽ അതായിരുന്നു നീരുവിന്റെ ഷൂട്ടിങ് ലോകത്തേക്കുള്ള ആദ്യപടി.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ട്രാപ് ഷൂട്ടർ ലക്ഷ്യ ഷെറോണിന്റെ മത്സരങ്ങൾ കണ്ടതാണ് നീരുവിനെ ഈ കായിക ഇനത്തിലേക്ക് കൂടുതൽ ആകർഷിച്ചത്. പരിശീലനം ആരംഭിച്ച് മത്സരരംഗത്തേക്ക് കടന്ന നീരു പിന്നീട് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശ്രദ്ധേയ താരമായി മാറി. ഇറ്റലിയിലെ ലൊനാറ്റോ ഡെൽ ഗാർഡയിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ വനിതകളുടെ ട്രാപ് ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായും നീരു ചരിത്രം കുറിച്ചു. പിന്നാലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് കിരീടവും സ്വന്തമാക്കി. ജപ്പാനിലെ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത സ്വർണം നേടിയ പ്രകടനവും റെക്കോർഡുകൾ നിറഞ്ഞതായിരുന്നു. ഫൈനലിൽ 30 ലക്ഷ്യങ്ങളിൽ 28 എണ്ണം കൃത്യമായി തകർത്താണ് നീരു സ്വർണം നേടിയത്. യോഗ്യതാ റൗണ്ടിലും 28 ഹിറ്റുകൾ നേടിയ നീരു ഏഷ്യൻ ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചു.
ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലും നീരുവിന് വെല്ലുവിളികൾ നേരിടേണ്ടിവന്നു. ന്യൂഡൽഹിയിലെ ദേശീയ ക്യാമ്പിനിടെ അണുബാധയെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട താരം പരിശീലനത്തിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചത്. അസുഖത്തെ തുടർന്ന് നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം വൈകിയാണ് ജപ്പാനിലെത്തിയത്. എന്നാൽ ഈ തിരിച്ചടികളൊന്നും താരത്തിന്റെ പ്രകടനത്തെ ബാധിച്ചില്ല.
വ്യക്തിഗത സ്വർണത്തിന് മുമ്പ് വനിതകളുടെ ട്രാപ് ടീം ഇനത്തിലും നീരു ഇന്ത്യയ്ക്കായി മെഡൽ നേടിയിരുന്നു. ആശിമ അഹ്ലാവത്ത്, മനീഷ കിർ എന്നിവർക്കൊപ്പം മത്സരിച്ച ഇന്ത്യൻ സംഘം 328 പോയിന്റുമായി വെള്ളി നേടി. ചൈന 346 പോയിന്റുമായി സ്വർണം സ്വന്തമാക്കിയപ്പോൾ കുവൈത്ത് വെങ്കലം നേടി.
ഇന്ത്യൻ സൈന്യത്തിലെ കരിയറും നീരുവിന്റെ വളർച്ചയിൽ നിർണായകമായി. കോർപ്സ് ഓഫ് മിലിട്ടറി പോലീസിലെ നായിബ് സുബേദാറായ നീരു മധ്യപ്രദേശിലെ മഹുവിലുള്ള ആർമി മാർക്സ്മാൻഷിപ്പ് യൂണിറ്റിലാണ് പരിശീലനം നടത്തുന്നത്. രാജ്യത്തെ മികച്ച സൈനിക ഷൂട്ടർമാർക്ക് വിവിധ ഇനങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്ന സംവിധാനമാണ് ഇത്.











