ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഒമാൻ പൗരനായ സഹപൈലറ്റാണ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ സാധ്യതയുണ്ടോയെന്നതടക്കം ഇസ്രായേൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തു.
ഫ്‌ളൈദുബായിൽ എട്ട് മാസം മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. സഹപ്രവർത്തകർ പറയുന്നത് പ്രകാരം, ഇയാൾ ജോലിക്കിടയിൽ കൂടുതലും പ്രാർഥനയിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും സ്ത്രീകളുമായി കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നുവെന്നും പറയുന്നു. വിമാനക്കമ്പനിയിലെ സാധാരണ തൊഴിൽ അന്തരീക്ഷത്തിന് ചേരാത്ത തരത്തിലുള്ള പെരുമാറ്റമായിരുന്നു ഇയാളുടേതെന്നും ഒരു സഹപ്രവർത്തകൻ ആരോപിച്ചു. ഇയാളുടെ പെരുമാറ്റത്തെ മതതീവ്രവാദിയുടേതിന് സമാനമായിരുന്നുവെന്നും സഹപ്രവർത്തകൻ വിശേഷിപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളുടെ കൃത്യതയും ആക്രമണത്തിന്റെ യഥാർഥ ഉദ്ദേശ്യവും അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.
വിമാനം ഇസ്രായേലിലേക്ക് പറന്നുകൊണ്ടിരിക്കെയാണ് മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ സഹപൈലറ്റ് ആക്രമിച്ചത്. കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ തന്നെയാണ് പിന്നീട് കോക്പിറ്റിലെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ചത്. ഇതിനിടെ നിയന്ത്രണ സംവിധാനങ്ങളിൽ ഇടപെടാൻ സഹപൈലറ്റ് ശ്രമിച്ചതോടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചു. വിമാനത്തിനുള്ളിലെ അസാധാരണമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരിലും ജീവനക്കാരിലും പരിഭ്രാന്തി പടർന്നു.
ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ഛാർ കോക്പിറ്റ് വാതിൽ തുറന്ന് ആക്രമിയെ നേരിട്ടു. വിമാനത്തിന്റെ പെട്ടെന്നുള്ള താഴ്ചയും കോക്പിറ്റിൽ നിന്നുള്ള നിലവിളിയും ശ്രദ്ധയിൽപ്പെട്ട യാനിവ് ഹയൂൺ എന്ന യാത്രക്കാരനും മറ്റ് ജീവനക്കാരും കോക്പിറ്റിലെത്തി. ഇവരുടെ സഹായത്തോടെ ആക്രമണകാരിയെ കീഴടക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ക്യാപ്റ്റൻ മച്ഛാർ നിർണായക പങ്കുവഹിച്ചു . സംഭവത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്യാപ്റ്റനെ പ്രശംസിച്ചു.











