ഇസ്ലാമാബാദ്: കറാച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന സ്റ്റോക്ക് എക്‌സേഞ്ചിനു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.സ്റ്റോക്ക് എക്‌സേഞ്ച് ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത് . പാക് പാര്‍ലമെന്റിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വാക്കുകള്‍.
എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ ഇമ്രാന്‍ തയ്യാറായില്ല. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
നാല് സുരക്ഷാ ജീവനക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനുമായിരുന്നു കറാച്ചിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ നാലു തോക്കുധാരികളും കൊല്ലപ്പെട്ടു. എന്നാല്‍ ആക്രമണത്തില്‍ ഇന്ത്യയുടെ പേര് വലിച്ചിഴച്ച പാക് വിദേശകാര്യമന്ത്രിയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. പ്രസ്താവന അസംബന്ധമാണെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ വക്താവിന്റെ മറുപടി.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ വിഘടനവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്താനും ആളുകളെ തട്ടിയെടുക്കാനുമായിരുന്നു വിഘടനവാദികള്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിനുള്ളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച അക്രമികളെ സുരക്ഷാ ജീവനക്കാരാണ് വധിച്ചത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പാക് മാധ്യമമായ ഡോണിന്റെ റിപ്പോര്‍ട്ട്. ഒരു വാഹനത്തിനു മുകളില്‍ കയറി നിന്ന് ഗ്രനേഡ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ദീര്‍ഘസമയം ആക്രമണം നടത്താന്‍ ആവശ്യമായ ആയുധങ്ങള്‍ അക്രമികളുടെ കൈയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.











