കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെന്ന് വിലപിക്കുമ്പോഴും വിവിധ കേസുകൾക്കായി കോടികൾ നിസ്സാരമായി തുലച്ച് പിണറായി സർക്കാരിന്റെ ദുർവ്യയം. കൊലക്കേസ് പ്രതികളെ രക്ഷിക്കാനുള്‍പ്പെടെ വിവിധ കേസുകള്‍ക്കായി സുപ്രീംകോടതിയില്‍ നിന്നെത്തിച്ച അഭിഭാഷകർക്കായി സംസ്ഥാന സർക്കാർ ചിലവഴിച്ചത് നാലേമുക്കാൽ കോടി രൂപയെന്ന് കണക്കുകൾ.
രാഷ്ട്രീയ പ്രാധാന്യമുള്ള 13 കേസുകള്‍ക്കായാണ് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നാലര വര്‍ഷം കൊണ്ട് നാല് കോടി 93 ലക്ഷത്തി തൊണ്ണൂറായിരം രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവിട്ടിരിക്കുന്നത്. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലക്കേസുകളില്‍ ഹാജരാകാൻ ഹരിന്‍ പി റാവലിന് ചെലവിട്ടത് 64 ലക്ഷം രൂപയാണ്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ വിജയ് ഹന്‍സാരിയക്ക് 64 ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും നൽകി. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ കോൺഗ്രസ്സ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ പിണറായി വിജയൻ സർക്കാർ ചിലവഴിച്ചത് 88 ലക്ഷം രൂപയാണ്.
നാല് ലോട്ടറി കേസുകളില്‍ ഹാജരായ പല്ലവ് ഷിസോദിയക്ക് നല്‍കിയത് 75 ലക്ഷം രൂപയാണ്. നികുതി കേസുകളില്‍ എന്‍ വെങ്കിട്ട രമണന് കിട്ടയത് പത്തൊമ്പതര ലക്ഷം രൂപ. ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപത്ക്ക് 45 ലക്ഷവും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി എതിര്‍ക്കാന്‍ രഞ്ജിത് കുമാറിനെ ദില്ലിയില്‍ നിന്ന് വരുത്തിയതിന് ഒരു കോടി 20 ലക്ഷം രൂപ നല്‍കിയതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്‍റെ കേസുകള്‍ വാദിക്കാൻ അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി ഏഴ് കോടിയിലേറെ രൂപ ചെലവഴിച്ചപ്പോഴാണ് ഖജനാവിന്‍മേലുള്ള ഈ ആക്രമണം. സര്‍ക്കാരിന്‍റെ കേസ് നടത്താന്‍ അഡ്വക്കേറ്റ് ജനറല്‍ അടക്കം 133 സര്‍ക്കാര്‍ അഭിഭാഷകരാണ് ഹൈക്കോടതിയിൽ ഉള്ളത്. ഇവര്‍ക്ക് എല്ലാവര്‍ക്കുമായി ഒരു കോടി 49 ലക്ഷം രൂപ പ്രതിമാസം ശമ്പളമായി നല്‍കുന്നുണ്ട്. കൂടാതെ എജി ,അഡിഷണല്‍ എജി, ഡിജിപി , അഡിഷണൽ ഡിജിപി, സ്റ്റേറ്റ് അറ്റോർണി എന്നിവര്‍ക്ക് ഇക്കാലയളവില്‍ സിറ്റിംഗ് ഫീസിനത്തിൽ 5 കോടി 93 ലക്ഷം രൂപയും ഖജനാവില്‍ നിന്ന് ചെലവഴിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.
Discussion about this post