ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിനെ സന്ദർശിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് പാകിസ്ഥാൻ ഔദ്യോഗികമായി അനുവാദം നൽകി. ഇന്ന് വൈകുന്നേരത്തോട് കൂടി ഇന്ത്യൻ പ്രതിനിധികൾ കുൽഭൂഷണെ സന്ദർശിക്കും.
പുനപരിശോധനാ ഹർജി നൽകാൻ കുൽഭൂഷൺ വിസമ്മതിച്ചുവെന്നും ദയാഹർജിയുമായി മുന്നോട്ട് പോകാൻ അപേക്ഷിച്ചുവെന്നും ഈ മാസമാദ്യം പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ ഔദ്യോഗികമായി തള്ളിക്കളഞ്ഞിരുന്നു. വിഷയത്തിൽ കഴിഞ്ഞ നാല് വർഷമായി പാകിസ്ഥാൻ തുടരുന്ന കാപട്യത്തിന്റെ പിന്തുടർച്ചയാണ് ഇതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചിരുന്നു. 2017ന് ശേഷം നീതിയുക്തമായ ഒരു വിചാരണ നടത്താനോ വിശ്വസനീയമായ തെളിവുകളോ രേഖകളോ ഇന്ത്യക്ക് കൈമാറാനോ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ പിടികൂടിയ കുൽഭൂഷൺ യാദവിനെ പാക് കോടതി 2017ൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു.







