ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആചരിച്ച് പാകിസ്താനെതിരെ കടുത്ത വിമർശനങ്ങളുമായി ബലൂച് വിഘടനവാദി സംഘടനയായ ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ രംഗത്ത്. പാകിസ്താനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കേണ്ട ‘കാൻസർ’ എന്ന് വിശേഷിപ്പിച്ച ബലൂച് നേതാവ് മിർ യാർ ബലൂച്ച്, ബലൂചിസ്ഥാന്റെ ശബ്ദം ലോകവേദികളിൽ എത്തിച്ചതിന് ഇന്ത്യൻ മാധ്യമങ്ങൾക്കും ഗവേഷകർക്കും തുറന്ന നന്ദി അറിയിച്ചു. എക്‌സിൽ (X) പങ്കുവെച്ച സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്.
ബലൂചിസ്ഥാനെ പാകിസ്താന്റെ ഒരു പ്രവിശ്യയായി കാണുന്നത് അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും അവസാനിപ്പിക്കണമെന്ന് സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യ വിഭജനത്തിന് തൊട്ടുമുമ്പ്, 1947 ഓഗസ്റ്റ് 11-നാണ് ഖലാത് രാജ്യവംശം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. യു.എൻ, ആസിയാൻ (ASEAN), ആഫ്രിക്കൻ യൂണിയൻ, ഒ.ഐ.സി (OIC), യൂറോപ്യൻ യൂണിയൻ തുടങ്ങിയ അന്താരാഷ്ട്ര കൂട്ടായ്മകൾ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്നും മിർ യാർ ബലൂച്ച് ആവശ്യപ്പെട്ടു. അമ്പതിനായിരത്തോളം ബലൂച് പൗരന്മാരാണ് പാകിസ്താന്റെ തടവറകളിൽ ക്രൂര പീഡനങ്ങൾ അനുഭവിക്കുന്നതെന്നും ആറു കോടിയോളം വരുന്ന ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ വിദേശനയം, പ്രതിരോധം, സ്വന്തം കറൻസി, പാസ്‌പോർട്ട് എന്നിവ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പാകിസ്താനെപ്പോലെ യാചിക്കാതെ ലോകക്ഷേമത്തിനായി ഫണ്ട് നൽകാൻ തക്ക സമ്പന്നമായ വിഭവങ്ങൾ ബലൂചിസ്ഥാനുണ്ടെന്നും നേതാക്കൾ അവകാശപ്പെട്ടു.
അതേസമയം സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടയുന്നതിനായി പാകിസ്താൻ സൈന്യം മേഖലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്വെറ്റ, കലാത്ത്, ഖുസ്ദാർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വിച്ഛേദിക്കുകയും സൈനിക താവളങ്ങൾക്ക് ചുറ്റും കിടങ്ങുകൾ കുഴിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് വ്യോമനിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങൾ വിലക്കുകൾ ലംഘിച്ച് വിവിധയിടങ്ങളിൽ പതാക ഉയർത്തി ആഘോഷങ്ങളിൽ പങ്കെടുത്തതായി സംഘടന വ്യക്തമാക്കി.












