തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ശേഷിക്കുന്ന ഭരണകാലയളവില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ ഏകദിന യു.ഡി.എഫ് യോഗം ഇന്നു രാവിലെ മുതല്‍ കോവളത്ത് ആരംഭിക്കും. സര്‍ക്കാരിന്റെ അവശേഷിക്കുന്ന ഏഴുമാസത്തിനിടെ നടപ്പാക്കേണ്ട പദ്ധതികളുടെ മുന്‍ഗണ നിശ്ചയിക്കാനാണ് കോവളം ഗെസ്റ്റ്ഹൗസില്‍ യോഗം ചേരുന്നതെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പ് ആയിരിക്കും പ്രധാന ചര്‍ച്ചാവിഷയം. ചികിത്സയില്‍ ആയതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ചചെയ്യണമെന്ന നിലപാടാണ് എല്ലാ ഘടകകക്ഷികള്‍ക്കും ഉള്ളത്.
തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേണ്ട തീരുമാനമാണെങ്കിലും ഇക്കാര്യം യു.ഡി.എഫ് യോഗത്തിന്റെ പരിഗണനക്ക് വരും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് ജനങ്ങളെ ആകര്‍ഷിക്കുംവിധം ഭരണതലത്തില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്യും. റോഡുകളുടെ അറ്റകുറ്റപ്പണികളുടെ പൂര്‍ത്തീകരണം, കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണല്‍, വിലവര്‍ധന നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ എന്നിവക്ക് മുന്‍ഗണന നല്കാന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടും. സീറ്റ് വിഭജനം ഉള്‍പ്പെടെ കാര്യങ്ങള്‍ക്കായി മുന്നണിയോഗം വീണ്ടും ചേരുന്ന തീയതിയും ഇതോടൊപ്പം നിശ്ചയിക്കുമെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെുടപ്പില്‍ പാലക്കാട് സീറ്റില്‍ ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിനുണ്ടായ കനത്തതോല്‍വി സംബന്ധിച്ച് പരിശോധിച്ച ഉപസമിതി റിപ്പോര്‍ട്ട് യോഗത്തെ കലുഷിതമാക്കിയേക്കും.
Discussion about this post