കൊച്ചി: സ്വര്‍ണം കടത്ത് കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കൊച്ചി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനിരിക്കെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചന. പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം ശിവശങ്കര്‍ എന്‍ഐഎയോടും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കറിന്‍റെ മൊഴി.
ഈ സാഹചര്യത്തിലാണ് കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനുള്ള നീക്കം എം ശിവശങ്കര്‍ തുടങ്ങിയിരിക്കുന്നത്. കൊച്ചിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകനുമായി മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കര്‍ സംസാരിച്ചെന്നാണ് സൂചന.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നേരിട്ടെത്തി എന്‍ഐഎ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്നയും സന്ദീപും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും എം ശിവശങ്കറിനെ ചോദ്യം ചെയ്യുക. എന്‍ഐഎയുടെയും കസ്റ്റംസിന്‍റെയും ആദ്യഘട്ട മൊഴിയെടുക്കല്‍ പോലെയാകില്ല, കൂടുതല്‍ മൊഴികളെടുത്ത് അവ തമ്മില്‍ ഒത്തുനോക്കിയാകും ശിവശങ്കറിനോടുള്ള ചോദ്യപ്പട്ടികയും തയ്യാറാക്കുക. ഇതില്‍ പൊരുത്തക്കേടുകളുണ്ടോ എന്നതടക്കം എന്‍ഐഎ പരിശോധിക്കുന്നുമുണ്ട്.
അതേസമയം കഴിഞ്ഞ 12 ദിവസത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് കത്ത് മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊതുഭരണവകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്‍റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്. ഇടിമിന്നലില്‍ ചില ദൃശ്യങ്ങള്‍ പോയെന്ന് ആദ്യം പറഞ്ഞെങ്കിലും, അത് ശരിയാക്കിയെന്ന് പിന്നീട് പ്രസ്താവനയിറക്കിയിരുന്നു.
Discussion about this post