ഡല്‍ഹി: മണിപ്പൂരിലെ ഇന്ത്യ-മ്യാന്മാര്‍ അതിര്‍ത്തിയിൽ നാഗാ തീവ്രവാദികളുടെ ആക്രമണം. മൂന്ന് അസം റൈഫിള്‍സ് സൈനികര്‍ വീരമൃത്യു വരിച്ചു. ചന്ദേല്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഹവില്‍ദാര്‍ പ്രണയ് കലിത, ജവാന്മാരായ വൈ.എം. കോനിയാക്, രതന്‍ സലിം എന്നിവരാണ് വീരമൃത്യു വരിച്ചത്. അഞ്ചുപേര്‍ക്കു പരിക്കേൽക്കുകയും ചെയ്തു.
ജില്ലയിലെ ഖോങ്ടാല്‍ പ്രദേശത്തെ പട്രോളിങ്ങിനുശേഷം 15 അംഗ സൈനികസംഘം മടങ്ങുകയായിരുന്ന വഴിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയും അക്രമിസംഘത്തില്‍ നിന്നു കനത്ത വെടിവെപ്പുണ്ടാകുകയുമായിരുന്നു. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2015-ല്‍ പ്രദേശത്ത് നാഗാ ഭീകരവാദി സംഘടനയായ എന്‍.എസ്.സി.എന്‍ (കെ) നടത്തിയ ആക്രമണത്തില്‍ 18 കരസേന ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.
വടക്കു കിഴക്കു നിന്നുള്ള കലാപകാരികള്‍ മ്യാന്മാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതായി യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് (ഇ.എഫ്.എസ്.എ.എസ്.) ജൂണ്‍ 23-ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post