ബംഗലൂരു: മൂന്ന് ദശാബ്ദങ്ങൾക്കിടെ ബംഗലൂരു നഗരം സാക്ഷ്യം വഹിച്ചത് മൂന്ന് വർഗ്ഗീയ കലാപങ്ങൾക്ക്. ഇതിൽ രണ്ടെണ്ണവും പ്രവാചക നിന്ദ ആരോപിച്ചായിരുന്നു.
1986ൽ ആയിരുന്നു പ്രവാചകന്റെ പേരിലെ ആദ്യ കലാപം. കന്നഡ ദിനപത്രമായ ഡെക്കാൺ ഹെറാൾഡിൽ മലയാളിയായ പികെഎൻ നമ്പൂതിരിയുടെ ഒരു കഥ പ്രസിദ്ധീകരിക്കപ്പെട്ടു. മാനസിക രോഗിയായ ബാലൻ ആത്മഹത്യ ചെയ്യുന്നതാണ് കഥ. മുഹമ്മദ് എന്നായിരുന്നു കഥയുടെ പേര്. മുഹമ്മദ് നബിയുമായി കഥയ്ക്ക് ബന്ധമൊന്നുമില്ല. എന്നാൽ ചില മുസ്ലീം പണ്ഡിതർ ഇതിൽ വർഗ്ഗീയ മുതലെടുപ്പ് നടത്തി. കഥയ്ക്കെതിരെ നടന്ന പ്രതിഷേധം കലാപമായി മാറി. കലാപകാരികൾ ഡെക്കാൺ ഹെറാൾഡിന്റെ ബെംഗളുരു ഓഫീസ് അക്രമിച്ച് തീയിട്ടു. കലാപം നിയന്ത്രിക്കുന്നതിന് പോലീസ് വെടിയുതിര്‍ത്തു. 16 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പിന്നീട് 2007ൽ സദ്ദാം ഹുസൈന്റെ പേരിലും ബംഗലൂരു നഗരത്തിൽ കലാപം അരങ്ങേറി. കേന്ദ്ര മന്ത്രിയായിരുന്ന ജാഫര്‍ ഷെരീഫ് 2007ൽ കോൺഗ്രസ് വിട്ട് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളുരുവിൽ കൂറ്റൻ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷക്ക് വിധേയമാക്കിയ അമേരിക്കയ്ക്കെതിരെയായിരുന്നു റാലി. ജനുവരി 19ന് റാലി നടത്താനായിരുന്നു ഷെരീഫിന്റെ തീരുമാനം. അതിന് രണ്ട് ദിവസം മുമ്പാണ് ആര്‍എസ്എസ് എംഎസ് ഗോൾവൽക്കറുടെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്. ഷെരീഫിന്റെ അനുയായികൾ ആര്‍എസ്എസ് പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ ബോധപൂർവ്വം നശിപ്പിച്ച് കലാപത്തിന് തുടക്കമിട്ടു. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ ഹിന്ദുക്കളുടെ വീടുകളും കടകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കലാപത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടു.
1986ലേതിന് സമാനമായ രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലും ബംഗലൂരു നഗരത്തിൽ കലാപം കത്തിപ്പടർന്നത്. സാമൂഹിക മാദ്ധ്യമത്തിൽ വന്ന ഒരു പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ച് എസ്ഡിപിഐ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. മുന്നൂറിൽ അധികം വാഹനങ്ങൾക്കും നിരവധി കെട്ടിടങ്ങൾക്കുമാണ് കലാപകാരികൾ തീയിട്ടത്. മൂന്നു പേര്‍ വെടിവെപ്പിൽ കൊല്ലപ്പെട്ടു. സംഭവത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് സർക്കാർ വ്യക്തമാക്കി.
കലാപകാരികൾക്കെതിരെ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി യെദ്യൂരപ്പ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൃത്യമായി മുന്നോട്ട് നീങ്ങുമ്പോൾ നഗരത്തിലെ തീവ്ര ഇസ്ലാമിക ശക്തികളുടെ സ്വാധീനം അസ്തമിക്കുമെന്നാണ് കണക്ക്കൂട്ടൽ.








