മുംബൈ : രാജ്യത്ത് പ്രക്ഷോഭം നടത്തുന്ന യുവതലമുറയെ കാണാൻ സമയം കണ്ടെത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം പാർട്ടിയെ വഞ്ചിച്ച് പോയ ‘ഗദ്ദാറുകളെ’ (വഞ്ചകരെ) സ്വീകരിക്കാൻ സമയം കണ്ടെത്തുകയാണെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. ശിവസേന വിട്ട് ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്ന വിമത എം.പിമാരുമായി പ്രധാനമന്ത്രി പ്രഭാതഭക്ഷണത്തിന് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുംബൈയിൽ വാർത്താസമ്മേളനം വിളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ശിവസേന ഏതാണെന്ന വിഷയത്തിലും വിമത എം.പിമാരുടെ ലയനം അംഗീകരിച്ച സ്പീക്കറുടെ നടപടിയിലും സുപ്രീം കോടതിയിൽ നിർണായക വിചാരണ നടക്കുന്ന വേളയിൽ ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത് പരമോന്നത കോടതിയെ ഭയപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ശ്രമമാണോ എന്നും ഉദ്ദവ് ചോദിച്ചു.
സമരരംഗത്തുള്ള യുവതലമുറയോട് ‘ഞാൻ നിങ്ങൾക്കൊപ്പമുണ്ട്’ എന്ന് പറയാൻ മടിക്കുന്ന പ്രധാനമന്ത്രി, പാർട്ടി മാറിവന്ന എം.പിമാരോട് ‘ധൈര്യമായിരിക്കൂ, ഞാൻ കൂടെയുണ്ട്’ എന്ന് ലജ്ജയില്ലാതെ ഉറപ്പുനൽകുകയാണെന്ന് ഉദ്ധവ് ആരോപിച്ചു. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും നേരെ പോലീസ് ലാത്തിച്ചാർജ് ചെയ്ത നടപടിയെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി ഉപമിച്ചാണ് ഉദ്ധവ് പത്രസമ്മേളനത്തിൽ സംസാരിച്ചത്. രാജ്യത്തെ പുതിയ തലമുറ നിലവിലെ കേന്ദ്ര ഭരണത്തിന് കീഴിൽ മുട്ടുമടങ്ങിയിരിക്കുകയാണെന്നും, ഇൻസ്റ്റാഗ്രാമിലൂടെ സർക്കാർ നടത്തുന്ന പരസ്യങ്ങൾ കണ്ടു മടുത്ത യുവജനത സർക്കാരിനെതിരെ തെരുവിൽ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുകയാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.
കേന്ദ്രത്തിൽ നിലവിലുള്ള മുഴുവൻ ഭരണസംവിധാനവും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഉദ്ധവ് സൂചിപ്പിച്ചു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അടുത്തിടെ നടത്തുന്ന പ്രസ്താവനകൾ കേൾക്കാൻ പോലും പുതിയ തലമുറ തയാറല്ലെന്നും യുവാക്കളുടെ രോഷം ഒടുങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാനുസൃതമായ നീതി ലഭിക്കുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ ഉദ്ധവ് താക്കറെ, പ്രധാനമന്ത്രി കോടതിയെ ഭീഷണിപ്പെടുത്താനാണോ ശ്രമിക്കുന്നതെന്ന ചോദ്യം പരമോന്നത നീതിപീഠത്തിന് മുന്നിൽ ഉന്നയിക്കുമെന്നും കൂട്ടിച്ചേർത്തു.








