ഡല്‍ഹി: 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ പുനഃരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. യാത്രാ വിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ചില നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ യാത്രാവിമാനങ്ങള്‍ പറത്താനുള്ള അനുമതിയ്ക്കായാണ് ചര്‍ച്ച.
ഓസ്‌ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുക. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ വിമാനകമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് പുരി ട്വിറ്ററില്‍ കുറിച്ചു. ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്‍ഡ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രയേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഇതു കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നതായി മന്ത്രി അറിയിച്ചു.
യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, യുഎഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 23ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പിന്നീട് ആഭ്യന്തര സര്‍വിസുകള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സര്‍വിസുകള്‍ തുടങ്ങിയിട്ടില്ല.
Discussion about this post