ന്യൂഡൽഹി : ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഇലക്ട്രിക് ബസുകൾ എത്തിക്കുന്ന പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി ആവിഷ്കരിച്ച് കേന്ദ്രസർക്കാർ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾക്കായി കേന്ദ്ര ഉരുക്ക്, ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി ന്യൂഡൽഹിയിൽ യോഗം ചേർന്നു. 10,900 കോടി ചിലവിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, സൂററ്റ് എന്നീ പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. 2024 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം 14,028 ഇലക്ട്രിക് ബസുകൾ വിന്യസിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പൊതുഗതാഗതം വൈദ്യുതീകരിക്കുന്നതിനുള്ള ലോകത്തിലെ തന്നെ ഏറ്റവും പദ്ധതിയാണ് പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരുവിലേക്ക് 4500, ഹൈദരാബാദിലേക്ക് 2000 , ഡൽഹിയിലേക്ക് 2800 , അഹമ്മദാബാദിലേക്ക് 1000 , സൂറത്തിലേക്ക് 600 എണ്ണം വീതം ഇലക്ട്രിക് ബസുകൾ അനുവദിക്കുമെന്ന് ഘന വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനോടൊപ്പം കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും കൂടിയുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പി എം ഇ-ഡ്രൈവ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
Discussion about this post