ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ഈ അടുത്ത ദിവസങ്ങളിലായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഗോവയിൽ റിപ്പോർട്ട് ചെയ്തത് 588 കോവിഡ് കേസുകളാണ്.ഗോവയിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഗോവയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെയെണ്ണം 18,006 ആയി ഉയർന്നു.ഇതിൽ 13,577 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 194 പേരാണ്.








