ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചാർട്ടേഡ് എണ്ണ കപ്പലിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രീലങ്കൻ തീരത്ത് ഇന്ത്യ വിന്യസിച്ചത് 8 കപ്പലുകളും 2 എയർ ക്രാഫ്റ്റുകളും.ശ്രീലങ്കയുടെ കിഴക്കൻ തീരത്തു നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ന്യൂ ഡയമണ്ട് എന്ന എണ്ണകപ്പലിൽ തീപിടുത്തമുണ്ടായത്.തീപിടുത്തത്തിൽ 23-സ്ട്രോങ്ങ് ക്രൂവിലെ ഒരംഗം മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
തീരസംരക്ഷണ സേനയുടെ അഞ്ച് കപ്പലുകളും നാവികസേനയുടെ മൂന്ന് കപ്പലുകളുമാണ് ശ്രീലങ്കൻ തീരത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയത്.തീ പൂർണമായും അണച്ചെന്നും കപ്പലിലുള്ള ക്രൂഡോയിൽ കടലിൽ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.കുവൈറ്റിലെ മിനാ അൽ അഹമ്മദിയിൽ നിന്നും പുറപ്പെട്ട കപ്പലിൽ 2,70,000 ടൺ ക്രൂഡോയിലാണ് ഉണ്ടായിരുന്നത്.









