മുംബൈ: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ വീട്ടുജോലിക്കാരന് ദീപേഷ് സാവന്ത് മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി). സമൂഹത്തിലെ ഉന്നതരുമായി ഇടപാടുകള്‍ നടത്തിയിരുന്ന മയക്കുമരുന്ന് സംഘത്തില്‍ ദീപേഷും സജീവമായിരുന്നുവെന്നാണ് എന്‍.സി.ബി.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.സി.ബി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ദീപേഷിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇയാളുടെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മയക്കുമരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
അതേസമയം, സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയെ ഞായറാഴ്ച മണിക്കൂറുകളോളം ചോദ്യംചെയ്തു. രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ റിയ ചക്രവര്‍ത്തിയോട് എന്‍.സി.ബി. ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ നേരത്തെ അറസ്റ്റിലായ റിയയുടെ സഹോദരന് ഷൗവിക്കിനെയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും സെപ്റ്റംബര്‍ ഒമ്പത് വരെ എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.
Discussion about this post