മുംബൈ : ബംഗ്ലാവിന്റെ ഒരു ഭാഗം ബൃഹൺ മുംബൈ മുൻസിപ്പൽ കോർപറേഷ ൻ പൊളിച്ചു നീക്കിയ സംഭവത്തിൽ 2 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ബംഗ്ലാവിനോട് ചേർന്നുള്ള ഓഫീസ് കെട്ടിടം മുംബൈ മുൻസിപ്പൽ കോർപറേഷൻ അനധികൃതമായി പൊളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചിട്ടുള്ളത്.
മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ നഗരത്തെയും വിമർശിച്ചതിനാലാണ് തന്റെ കെട്ടിടം പൊളിച്ചു മാറ്റിയതെന്ന് ഹർജിയിൽ കങ്കണ വ്യക്തമാക്കിയിട്ടുണ്ട്.കങ്കണയുടെ കെട്ടിടത്തിൽ നടക്കുന്നത് അനുമതി വാങ്ങാതെയുള്ള നിർമാണ പ്രവർത്തനങ്ങളാണെന്ന് ആരോപിച്ച് സെപ്റ്റംബർ 9 നാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത്.കങ്കണ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി കോർപറേഷന്റെ തുടർനടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു.









