തിരുവനന്തപുരം : ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയിൽ നടക്കും.ഡിസംബർ മാസത്തിൽ നടക്കാറുള്ള ചലച്ചിത്രമേള കോവിഡ്-19 മഹാമാരിയെ തുടർന്നാണ് അടുത്ത വർഷം ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുള്ളത്. ഫെബ്രുവരി 12 മുതൽ 19 വരെയായിരിക്കും മേള നടക്കുക. ചലച്ചിത്രമേളയുടെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്.
ആ സമയത്തെ കോവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വ്യക്തമാക്കി. മേളയുടെ മാർഗനിർദേശങ്ങളും അക്കാദമി പുറത്തുവിട്ടിട്ടുണ്ട്. 2019 സെപ്റ്റംബർ ഒന്നിനും 2020 ആഗസ്റ്റ് 31 നുമിടയിൽ പൂർത്തീകരിച്ച ചിത്രങ്ങൾക്കായിരിക്കും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. എൻട്രികൾ ഒക്ടോബർ 31 നുള്ളിലും പ്രിവ്യൂ മെറ്റീരിയൽ നവംബർ രണ്ടിനു മുമ്പും അയക്കാനാണ് അക്കാദമി നിർദേശിച്ചിട്ടുള്ളത്. ഡിസംബർ 10ന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക പ്രസിദ്ധീകരിക്കും.
Discussion about this post