തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്ക് പിറകെ ക്രിസ്മസ് പരീക്ഷയും വൈകും.പാഠപുസ്തക വിതരണം വൈകിയതിനാല്‍ സ്‌ക്കൂളുകളിലെ അധ്യയനം പൂര്‍ണമായും താളം തെറ്റിയ സാഹചര്യത്തിലാണ് ഇത്. രണ്ടാം ഘട്ട അച്ചടിയും പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ഓക്ടോബര്‍ 27 നുള്ളില്‍ മാത്രമേ അച്ചടി പൂര്‍ത്തിയാക്കി പുസ്തകങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നറിയിച്ച് കെബിപിഎസ് സര്‍ക്കാരിന് കത്ത് നല്‍കി. പാഠ പുസ്തക അച്ചടി ഈ മാസം 20 മുമ്പ് തീര്‍ക്കണമെന്നായിരുന്നു സര്‍ക്കാര്‍ കെബിപിഎസിന് നല്‍കിയ നിര്‍ദ്ദേശം. രണ്ടാം ഘട്ടത്തില്‍ 1.25 കോടി പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ കെബിപിഎസില്‍ ഇതിനകം അച്ചടിച്ചത് 20 ലക്ഷത്തില്‍ താഴെ പുസ്തകങ്ങളാണ്. പുസ്തകത്തിന്റെ തപാല്‍വഴിയുള്ള എത്തിച്ചേരലിന് മൂന്നാഴ്ച കൂടി വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. മിക്കവാറും ഡിസംബര്‍ അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാക്കാനാകൂ. അതോടെ ക്രിസ്മസ് പരീക്ഷയും വൈകും.
രണ്ടാം ഘട്ടം അച്ചടി വൈകുന്നത് അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക അച്ചടിയെയും സാരമായി ബാധിക്കുമെന്നാണ് വിവരം. ആദ്യഘട്ടം പാഠപുസ്തകം തന്നെ രണ്ടാം ഘട്ടത്തിന്റെ സമയത്താണ് സ്‌കൂളുകളില്‍ എത്തിയത്. ജൂണില്‍ അച്ചടി പൂര്‍ത്തിയാക്കേണ്ട ആദ്യ ഘട്ട പാഠപുസ്തകങ്ങള്‍ക്ക് വേണ്ടിയുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ നല്‍കിയത് ജൂണ്‍ 10 നായിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ജൂലൈ 20 നാണ് അച്ചടി പൂര്‍ത്തിയാക്കിയത്.
സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വിഡി സതീശന്‍
ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് വിഡി സതീശന്‍ എംഎല്‍എ. കെബിപിഎസിനു പുതിയ എംഡിയെ നിയമിക്കാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 20നു മുന്‍പ് അച്ചടി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഓക്ടോബര്‍ 27നു മാത്രമേ ജില്ലാ കേന്ദ്രങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കാനാകൂ എന്ന് കെബിപിഎസ് അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെബിപിഎസ് സര്‍ക്കാരിന് കത്തയച്ചിരുന്നു.
Discussion about this post