ന്യൂഡൽഹി : ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ അനുരാഗ് കശ്യപിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാവശ്യപ്പെട്ട് മുംബൈ പോലീസ് സമൻസ് അയച്ചു. വെർസോവ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോളിവുഡ് നടി പായൽ ഘോഷിന്റെ പരാതിയിലാണ് നടപടി.
2015-16 കാലഘട്ടത്തിൽ ‘ ബോംബെ വെൽവെറ്റ്’ എന്ന സിനിമയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് അനുരാഗ് കശ്യപിന്റെ ഭാഗത്തുനിന്നും മോശം അനുഭവമുണ്ടായതെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതെന്നും രണ്ടാഴ്ച മുമ്പ് പായൽ ഘോഷ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 354 (സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേല്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുക ), 341(ബലപ്രയോഗത്തിലൂടെ തടഞ്ഞു വെയ്ക്കുക),342 (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വെയ്ക്കുക )എന്നീ സെക്ഷനുകൾ പ്രകാരമാണ് അനുരാഗ് കശ്യപിനെതിരെ നടി പരാതി നൽകിയത്.









