ലൈഫ് മിഷൻ ക്രമക്കേടില്‍ കരാര്‍ കമ്പനികളും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. പ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പറയുന്നുണ്ടെങ്കിലും അഴിമതി നടന്നോയെന്ന് പരാമര്‍ശമില്ല. എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് ഒരു സ്വകാര്യ മാധ്യമം പുറത്തു വിട്ടു.
വടക്കാഞ്ചേരി ലൈഫ് പദ്ധതി ക്രമക്കേടില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങളാണ് പുറത്തു വന്നത്. കേസില്‍ യുണിടാക്, സെന്‍ വെഞ്ച്വേഴ്സ്, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരാണ് പ്രതികള്‍. എന്നാല്‍ പ്രതിസ്ഥാനത്ത് വ്യക്തികളുടെ പേരുകളില്ല.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ടെങ്കിലും പദ്ധതിയുടെ മറവില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടില്ല. കേസിനാധാരമായി വിജിലന്‍സ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിക്കായി യു.എ.ഇയിലെ റഡ്ക്രസന്‍റാണ് യുണിടാകിനെയും സെന്‍ വെഞ്ച്വേഴ്സിനെയും ഫ്ലാറ്റ് നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തിയത്. റെഡ് ക്രസിന്‍റും ലൈഫ് മിഷന്‍ സി.ഇ.ഒയും ഇതുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെട്ടു.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ യുണിടാകിന് 27,9413 രൂപയ്ക്ക് അനധികൃതമായി വൈദ്യുതി കിട്ടാന്‍ സഹായിച്ചു. നിര്‍മ്മാണത്തിനായി യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കമ്പനികള്‍ക്ക് ഫണ്ട് ലഭിച്ചു.
പദ്ധതിയുടെ ഭാഗമായി പ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഇതിന്‍റെ ഭാഗമായി ഗൂഢാലോചന നടന്നു. ഫ്ലാറ്റ് നിര്‍മ്മാണത്തിനും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിക്കുമായി 20 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ഇടപാടില്‍ പ്രതിഫലം ലഭിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. തെളിവ് ശേഖരണത്തിന് പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ഇതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post