1932 -ൽ സ്ഥാപിതമായ ഇന്ത്യൻ വ്യോമസേന ഒക്ടോബർ 8 ന് 88-ാ൦ വാർഷികം ആഘോഷിക്കും. അന്നേ ദിവസം ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ പരേഡ് നടത്തി വൻ ആഘോഷമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യൻ വ്യോമസേന. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോൻ വ്യോമതാവളത്തിൽ ഇതിന്റെ ഭാഗമായി പരേഡിൽ പങ്കെടുക്കുന്ന വിമാനങ്ങളുടെ പരിശീലനം പൂർത്തിയായിരുന്നു.
കഴിഞ്ഞ വർഷം 51 യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളാണ് വ്യോമസേനാ ദിനത്തിൽ നടന്നത്. എന്നാൽ ഈ വർഷം പരേഡിൽ പങ്കെടുക്കാൻ പോകുന്നത് 56 യുദ്ധവിമാനങ്ങളാണ്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമായ റഫാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിനു ശേഷമുള്ള ആദ്യത്തെ വ്യോമസേനാ ദിനം കൂടിയാണ് ഈ വർഷത്തേത്. ഇത്തവണ റഫാലിനൊപ്പം അഭ്യാസപ്രകടനങ്ങൾ നടത്താൻ പോകുന്നത് തേജസ് എൽസിഎ, ജാഗ്വാർ, മിറാജ് 2000,മിഗ് -29, മിഗ്- 21, സുഖോയ്- 30 എന്നീ വിമാനങ്ങളാണ്.
യുദ്ധവിമാനങ്ങൾക്കൊപ്പം 19 ഫൈറ്റർ ജെറ്റുകൾ, 7 ട്രാൻസ്പോർട്ട് പ്ലെയ്നുകൾ, 19 ഹെലികോപ്റ്ററുകൾ, രണ്ട് വിന്റേജ് എയർക്രാഫ്റ്റ് എന്നിവയും ഒക്ടോബർ 8 ന് ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തും.
Discussion about this post