ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള റാഫിയാബാദില് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. റാഫിയാബാദിലെ ലഡൂര ഗ്രാമത്തിലുള്ള വീട്ടില്‍ ഒരു ഭീകരന് ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്നു തിരച്ചില്‍ നടത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സൈന്യവും ശക്തമായി തിരിച്ചടിച്ചു.
ഹിസ്ബുല്‍ മുജാഹിദ്ദിന്‍ നിന്നു വിട്ടുപോയ ലഷ്കറെ ഇസ്ലാം എന്ന സംഘടനയുമായി ബന്ധപ്പെട്ട ഭീകരനാണ് ഒളിച്ചിരിക്കുന്നത്. ജൂണില്‍ വടക്കന്‍ കശ്മീരിലെ സോപ്പോറില്‍ ആക്രമണം നടത്തി ആറ് നാട്ടുകാരെ കൊലപ്പെടുത്തിയതിനു പിന്നില്‍ ലഷ്കറെ ഇസ്ലാമാണ്.
രാഷ്ട്രീയ റൈഫിള്‍സ്, പൊലീസ് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഭീകരന് ജമ്മു കശ്മീര്‍ സ്വദേശിയാണ്. ഇയാളെക്കൂടാതെ വിദേശത്തുനിന്നുള്ള ഭീകരരും മേഖലയില്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാക്കിസ്ഥാന് പിന്തുണയുള്ള ഭീകരര്‍ ജമ്മു കശ്മീരില്‍ തുടരെ ആക്രമണം നടത്തുകയാണ്. കഴിഞ്ഞയാഴ്ച മാത്രം മൂന്നു ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ടു ഭീകരരെ ജീവനോടെ പിടികൂടാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞിരുന്നു.
സംഭവ സ്ഥലത്തേക്കു കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ലദൂര ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Discussion about this post