റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകരിലൊരാളായ അലക്സി നവാൽനിക്ക് വിഷബാധയേറ്റ സംഭവത്തിൽ രാജ്യത്തിനു യാതൊരു പങ്കുമില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിൻ. റഷ്യ രാസായുധങ്ങളൊന്നും വികസിപ്പിക്കുന്നില്ലെന്നും അന്താരാഷ്ട്ര ആയുധ നിയന്ത്രണ ഉടമ്പടി പ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്നുമാണ് ക്രെംലിന്റെ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. നിലവിൽ ജർമനിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അലക്സി നവാൽനി.
റഷ്യയിലെ പ്രതിപക്ഷ നേതാവാണ് അലക്സി നവാൽനി. ആഗസ്റ്റ് 20 ന് സൈബീരിയയിലെ ടോംസ്ക്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് നവാൽനി ബോധരഹിതനാവുകയായിരുന്നു. പിന്നീട് ഭക്ഷണത്തിലൂടെ വിഷം ഉള്ളിൽച്ചെന്നതാണെന്ന് കണ്ടെത്തി. സോവിയറ്റ് കാലഘട്ടത്തിലെ നാഡി ഏജന്റ് നോവിചോക്കിനു സമാനമായ വിഷമാണ് നവാൽനിയുടെ ഉള്ളിൽച്ചെന്നതെന്ന് ജർമൻ രാസായുധ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. വിഷം സംബന്ധിച്ച സാങ്കേതിക സഹായത്തിനായി ജർമ്മനി ഹേഗ് ആസ്ഥാനമായുള്ള രാസായുധ നിരോധന സംഘടനയിൽ (ഒപിസിഡബ്ലിയു) രജിസ്റ്റർ ചെയ്തിരുന്നു.
നവാൽനിയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ജർമൻ വിദഗ്ദ്ധർ കണ്ടെത്തിയ അതേ പരിശോധനാ ഫലമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് അലക്സി നവാൽനിക്ക് വിഷബാധയേറ്റ സംഭവത്തിൽ രാജ്യത്തിനു യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി ക്രെംലിന്റെ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തു വന്നത്.












