തൃശൂർ : അന്തിക്കാട് നിധിലിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം കണ്ണൂർ ലോബിയാണെന്ന് ബിജെപി. നിധിൽ കൊല്ലപ്പെടുന്നതിന് മൂന്നൂ ദിവസം മുമ്പ് സിപിഎം പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും ‘മൂന്നു ദിവസത്തിനു ശേഷം തൃശൂരിൽ നിന്നും സന്തോഷ വാർത്ത വരുന്നുണ്ട്’ എന്നായിരുന്നു ആ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. ഈ മാസം ആറിനാണ് സിപിഎം പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. അന്തിക്കാട് പോലീസിന് ദിവസങ്ങൾക്കു മുമ്പ് നിധിലിന്റെ കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. നിധിലിനെ വധിക്കാനെത്തിയവരുടെ വീടുകളിൽ പോലീസ് ദിവസങ്ങൾക്കു മുമ്പ് റെയ്ഡ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, വധഭീഷണിയുള്ള വിവരം നിധിലിനെ പോലീസ് അറിയിച്ചില്ലെന്നും കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കണ്ണൂർ ബന്ധം കൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post