കൊച്ചി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഡിജിറ്റൽ തെളിവുകളുമായി എൻഫോഴ്സ്മെന്റ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസിൽ ശിവശങ്കറിന്റെ ഇടപെടൽ വ്യക്തമായാൽ ഇഡി അറസ്റ്റിന് തയ്യാറായേക്കും.
എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂടാതെ കസ്റ്റംസ് അന്വേഷണ സംഘവും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് തയ്യാറെടുക്കുകയാണ്. ഇനി ഒരിക്കൽ കൂടി വിളിപ്പിക്കുന്ന സാഹചര്യത്തിൽ അറസ്റ്റുണ്ടായേക്കും എന്നാണ് സൂചന.
ഇന്നലെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് വന്നാൽ മതി എന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. കൂടുതൽ തെളിവു ശേഖരണത്തിനു വേണ്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത് നീട്ടി വച്ചത് എന്നാണ് വിവരം.












