ബൽറാംപുർ : ഉത്തർപ്രദേശിൽ സ്ത്രീസുരക്ഷയുറപ്പാക്കുന്നതിനുള്ള ‘മിഷൻ ശക്തി’ പദ്ധതി ഉദ്ഘാടനം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇനിമുതൽ സംസ്ഥാനത്തുള്ള 1535 പോലീസ് സ്റ്റേഷനുകളിലും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒരു പ്രത്യേക വിഭാഗമുണ്ടായിരിക്കുമെന്ന് ‘മിഷൻ ശക്തി’ പദ്ധതി ഉദ്ഘാടനം ചെയ്യവെ യോഗി ആദിത്യനാഥ് പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുകായെന്നതാണ് നവരാത്രി ആഘോഷങ്ങളുടെ ആദ്യദിവസം ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകളുടെ പരാതികൾ സ്വീകരിക്കുന്നതിനായി ഉത്തർപ്രദേശിലെ 75 ജില്ലകളിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും ഓരോ വനിതാ പോലീസ് കോൺസ്റ്റബിൾ ഉണ്ടായിരിക്കുമെന്നും പരാതികൾക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്നും യോഗി ആദിത്യ നാഥ് കൂട്ടിച്ചേർത്തു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കു മുമ്പ് ബൽറാംപൂരിൽ 22 വയസുള്ള പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ബൽറാംപൂരിലുണ്ടാവാതിരിക്കാനാണ് ഇവിടെ നിന്നു തന്നെ ‘മിഷൻ ശക്തി’ പദ്ധതിക്ക് ആരംഭം കുറിക്കുന്നതെന്ന് വിശദമാക്കി.












