‘ഒരുമയിടത്തുമുള്ള യുദ്ധം എല്ലായിടത്തെയും സമാധാനത്തിന് ഭീഷണിയാണ്’ എന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രൈനിലും പശ്ചിമേഷ്യയിലും തുടരുന്ന സംഘർഷങ്ങൾ ആഗോളതലത്തിൽ ജനങ്ങളെയും സാമ്പത്തിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
യു.എൻ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചിന്മയ അമൃത മഹോത്സവ് ഗ്ലോബൽ സമ്മേളനത്തിൽ സംസാരിക്കവേയാണ് അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയുടെ വ്യക്തമായ നിലപാട് വിദേശകാര്യ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്. തർക്കങ്ങളും യുദ്ധങ്ങളും പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ മാത്രമാണ് ഒരേയൊരു മാർഗ്ഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുക്രൈനിലെയും പശ്ചിമേഷ്യയിലെയും രൂക്ഷമായ സംഘർഷങ്ങളുടെ വില ഒടുക്കുന്നത് ഈ വിഷയങ്ങളിൽ യാതൊരു പങ്കുമില്ലാത്ത ദൂരദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളും രാജ്യങ്ങളുമാണെന്ന് ജയശങ്കർ പറഞ്ഞു. ഇത്തരം പ്രതിസന്ധികളിൽ നോക്കുകുത്തിയായിരിക്കാൻ ലോകരാജ്യങ്ങൾക്ക് സാധിക്കില്ല. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മറ്റ് പങ്കാളിത്ത രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ഭീകരവാദത്തെ ഭരണകൂട തന്ത്രമായി ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നടങ്കം ‘സീറോ ടോളറൻസ്’ നിലപാട് സ്വീകരിക്കാത്തതാണ് ഈ ഭീഷണി നിലനിൽക്കാൻ കാരണം. രാഷ്ട്രീയം നോക്കാതെ ഭീകരവാദത്തിനെതിരെ ശക്തമായ ആഗോള കൂട്ടായ്മ രൂപപ്പെടണമെന്നും വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു.











