മുംബൈ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധവുമായി റിപ്പബ്ലിക് ചാനലിന്റെ കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരി. മുംബൈ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിട്ടും തന്നെ അന്യായമായി തടഞ്ഞു വെച്ചുവെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രീതിയിലായിരുന്നു ഖർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ തന്നോട് പെരുമാറിയതെന്നും പ്രദീപ് ഭണ്ഡാരി ട്വിറ്ററിൽ കുറിച്ചു.
പ്രദീപ് ഭണ്ഡാരിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിനു പുറമെ ഖർ പോലീസ് സ്റ്റേഷനിലെ 11 പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് നിർബന്ധിതമായി ഫോൺ പിടിച്ചുവാങ്ങിയെന്നും ഐടി മേഖലയിൽ വൈദഗ്ധ്യമുള്ള ഒരാളെ വിളിച്ചുവരുത്തി ഫോൺ അൺലോക്ക് ചെയ്തു പരിശോധിച്ചെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഓഫീസ് ബിഎംസി പൊളിച്ചുനീക്കിയത് റിപ്പോർട്ട് ചെയ്തതിനാണ് ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188 ( ഉത്തരവാദിത്വപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്തരവ് ലംഘിക്കുക), 353 (ഉത്തരവാദിത്വപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുക) എന്നീ വകുപ്പുകളും ബോംബെ പോലീസ് ആക്ടിലെ 37(1), 135 എന്നീ വകുപ്പുകളും പ്രദീപ് ഭണ്ഡാരിക്കെതിരെ ചുമത്തിയത്.
പോലീസ് സ്റ്റേഷനിൽ പ്രദീപ് ഹാജരായപ്പോൾ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടങ്കലിൽ വെയ്ക്കുകയായിരുന്നു. അഭിഭാഷകനുമായി സംസാരിക്കാൻ പോലും അനുവദിക്കാതെ പോലീസ് ഉദ്യോഗസ്ഥർ 8 മണിക്കൂറാണ് റിപ്പബ്ലിക് ചാനലിന്റെ കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരിയെ ചോദ്യം ചെയ്തത്.
Discussion about this post