പാരീസ് : ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തുന്നതിനു മുമ്പ് യുവാവ് വിദ്യാർത്ഥികളോട് അധ്യാപകനെ തിരിച്ചറിയാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഫ്രാൻസിന്റെ ആന്റി-ടെററിസം പ്രോസിക്ക്യൂട്ടർ ജീൻ ഫ്രാങ്കോയ്സ് റിച്ചാർഡ്. വെള്ളിയാഴ്ചയാണ് പാരീസിന്റെ പ്രാന്താപ്രദേശമായ കോൺഫ്ലാൻസ് സെന്റ് ഹോണറിനിൽ സംഭവം നടന്നത്. പിടികൂടാനുള്ള ശ്രമത്തിനിടെ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 18 വയസ്സുള്ള യുവാവ് പോലീസിന്റെ വെടിയേറ്റ് മരണപ്പെട്ടിരുന്നു.
47 വയസ്സുള്ള ചരിത്ര അധ്യാപകൻ സാമുവൽ പാറ്റിയേയാണ് റഷ്യക്കാരനായ 18 വയസ്സുകാരൻ തലയറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം അദ്ധ്യാപകന്റെ ചിത്രം പ്രതി ഒരു സന്ദേശത്തോടൊപ്പം ട്വിറ്ററിൽ പ്രദർശിപ്പിച്ചിരുന്നുവെന്ന് ജീൻ ഫ്രാങ്കോയ്സ് റിച്ചാർഡ് പറഞ്ഞു.
അല്ലാഹുവിന്റെ നാമത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നീചനായ വ്യക്തിയെ ഞാൻ കൊലപ്പെടുത്തിയിരിക്കുന്നു -എന്നാണ് അധ്യാപകന്റെ ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്. സംഭവം ഇസ്ലാമിക തീവ്രവാദമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ രംഗത്തുവന്നിരുന്നു.












