ന്യൂഡൽഹി : കൃത്യ സമയത്ത് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാലും ജനങ്ങളെല്ലാം മാസ്ക്ക് ധരിക്കുന്നതിനാലുമാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് ഗ്രാൻഡ് ചലഞ്ചസ് വാർഷിക മീറ്റിംഗ് ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇപ്പോൾ രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 88 ശതമാനമാണെന്നും ഇന്ത്യയിൽ കൃത്യമായി കോൺടാക്ട് ട്രേസ് ചെയ്യുകയും റാപ്പിഡ് ആന്റിജൻ പരിശോധന നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് വളരെ ശക്തവും ഊർജ്ജസ്വലമായ ശാസ്ത്രസാങ്കേതിക വിഭാഗത്തെയും ആരോഗ്യപ്രവർത്തകരെയുമാണ് ലഭിച്ചിരിക്കുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രശംസിച്ച് നരേന്ദ്ര മോദി പറഞ്ഞു. കോവിഡിനെതിരെ പൊരുതാൻ ഇവർ രാജ്യത്തോടൊപ്പമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൃത്യമായ സമയത്ത് മികച്ച ഫലം ലഭിക്കേണ്ടതിന് ശാസ്ത്രമേഖയിലാണ് നിക്ഷേപങ്ങൾ നടത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 75,50,273 കോവിഡ് കേസുകളാണ്. ഇതിൽ 66,63,608 പേർ രോഗമുക്തി നേടി. നിലവിൽ 7,72,055 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.








